കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പിഎസ്സി ബുള്ളറ്റിൻ. ഷുഹൈബി് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയെയാണ് മികച്ച തിരക്കഥാകൃത്തെന്ന നിലയിൽ പി.എസ്.സി. ബുള്ളറ്റിനിൽ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മേയ് 15-ന് പി.എസ്.സി. പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ അവസാനപേജിലെ സമകാലികം കുറിപ്പിലാണ് തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിയുടെ ചിത്രത്തിന് പകരമായാണ് ആകാശിന്റെ ചിത്രം തെറ്റായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളെക്കുറിച്ചുള്ള വിവരണത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ പേര് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ചിത്രം നൽകിയിരിക്കുന്നത് ആകാശ് തില്ലങ്കേരിയുടേതാണ്. ഉണ്ണി കെ.ആർ. സംവിധാനംചെയ്ത ‘എ പ്രഗ്നന്റ് വിഡോ’ എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്.
ജൂൺ ഒന്നിനും 15-നും പുതിയ ബുള്ളറ്റിനുകൾ പ്രസിദ്ധീകരിച്ചിട്ടും ഫോട്ടോ മാറിയതിന് പി.എസ്.സി. തിരുത്ത് നൽകിയില്ല. പി.എസ്.സി. പരീക്ഷാ പരിശീലനങ്ങൾക്ക് ഉദ്യോഗാർഥികൾ ആശ്രയിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണമാണ് പി.എസ്.സി. ബുള്ളറ്റിൻ. അതിലാണ് ഇത്രഗുരുതരമായ തെറ്റ് സംഭവിച്ചിട്ടും തിരുത്ത് പോലും നൽകാത്തത്.


