കല്‍പ്പറ്റ: ശക്തമായ മഴ മുന്നറിയിപ്പുണ്ടായിട്ടും വയനാട്ടില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും പിണറായി വിജയന് പറഞ്ഞു. ദുരന്തമേഖലയും ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പില്‍ പലര്‍ക്കും വസ്ത്രമില്ലെന്നും വന്ന വസ്ത്രത്തില്‍ തന്നെയാണ് പലരും കഴിയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പിന്തുണ അറിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
246 MM-ല്‍ അധികം മഴയാണ് മേഖലയില്‍ ലഭിച്ചത്. എന്നാല്‍ മഴ മുന്നറിയിപ്പില്‍ യെല്ലോ അലര്‍ട്ട് മാത്രമാണുണ്ടായത്. ജനങ്ങളുടെ സുരക്ഷക്ക് വേണ്ട മുന്‍കരുതല്‍ എടുത്തില്ല. ശക്തമായ മഴ ഉണ്ടായിട്ടും മുന്നറിയിപ്പ് നല്‍കാത്തത് ഗുരുതരമായ വീഴ്ചയാണ്.
ദുരന്തം നടന്നതിന് ശേഷം സര്‍ക്കാരും ബന്ധപ്പെട്ടവരും പുറത്തിറങ്ങിയിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തത്തിന് ശേഷമാണെന്നാണ് വാര്‍ത്തകളില്‍ ചൂണ്ടിക്കാട്ടുന്നത്. കൂട്ടിയിട്ട മണ്ണിന്റെ മുകളിലൂടെ വെള്ളം വന്നിരുന്നെങ്കില്‍ സ്ഥിതി എന്താകുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.


