മൂവാറ്റുപുഴ: പുളിക്കല്‍ കടവില്‍ കുളിക്കാനിറങ്ങി പുഴയുടെ ശക്തമായ ഒഴുക്കില്‍പ്പെട്ട പായിപ്ര സ്വദേശികളായ ദമ്പതിമാര്‍ക്കും കുട്ടിക്കും രക്ഷകനായി പെന്തിട്ട ഷാജി. കുളി കഴിഞ്ഞ് കരയില്‍ നില്‍ക്കവെയാണ് കടവില്‍ അപ്രതീക്ഷിതമായി വലിയൊരു ദുരന്തം വിതച്ചേക്കാമായിരുന്ന നിമിഷങ്ങള്‍ക്ക് ഷാജി സാക്ഷിയാകുന്നത്.
ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം.അപകടത്തില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാനായി ഒന്നിനുപിറകെ ഒന്നായി അച്ഛനും അമ്മയും പുഴയിലേക്ക് എടുത്തുചാടുകയും മൂവരും ഒരുപോലെ ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ഒരു നിമിഷം പോലും മടിച്ചുനില്ക്കാതെ സ്വന്തം ജീവന് പോലും തൃണവല്‍ഗണിച്ച് പുഴയിലേക്ക് കുതിച്ചുചാടിയ ഷാജി, മൂവരെയും അതിസാഹസികമായി സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. ഷാജിയുടെ ധീരവും സമയോചിതവുമായ ഇടപെടല്‍ ഒന്നുകൊണ്ടുമാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. നിമിഷനേരം കൊണ്ട് മൂന്ന് ജീവനുകള്‍ തപ്പിയെടുത്ത് കരയ്ക്കെത്തിച്ച ഷാജിയുടെ മനക്കരുത്തിനെ നാട്ടുകാരും പ്രദേശവാസികളും ഒന്നടങ്കം നെഞ്ചിലേറ്റുകയാണ്. നഗരത്തിലെ കട്ടപ്പ ഹോട്ടല്‍ ഉടമയാണ് ഷാജി

