തൃശൂർ: കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ ദേശീയപാത 66-ൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി എട്ട് പേർ ദാരുണമായി മരിച്ചു. വെള്ളിയാഴ്ച രാത്രി 11.42 ഓടെയാണ് നാടിനെ നടുക്കിയ അപകടം. മരിച്ചവർ തമിഴ്നാട്ടിൽ നിന്ന് വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ്. ദിണ്ടിഗലിലെ പി.എസ്.എൻ.എ എൻജിനീയറിംഗ് കോളേജിലെ ഏഴ് വിദ്യാർത്ഥികളും ഡ്രൈവറുമാണ് മരിച്ചത്. ദിണ്ടിഗൽ സ്വദേശികളായ സൂര്യ (20), യുവസഞ്ജിത് (20), മധുര സ്വദേശികളായ പ്രസന്ന, സന്തോഷ് (20), സേലം സ്വദേശി വിശ്വം (20) എന്നീ അഞ്ച് പേരെ തിരിച്ചറിഞ്ഞു. മൂന്ന് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ 9 മണിയോടെ പോസ്റ്റ്മോർട്ടം ആരംഭിക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
ഗുരുവായൂർ ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്ക് അമിത വേഗതയിൽ വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ കാറാണ് അപകടത്തിൽപ്പെട്ടത്. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് ഒന്നാം ട്രാക്കിൽ പാർക്ക് ചെയ്തിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ചരക്ക് ലോറിയുടെ പിന്നിലേക്കാണ് കാർ ഇടിച്ചുകയറിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതം അത്രയും വലുതായിരുന്നു. കാർ പൂർണമായും തകർന്നു. വിദ്യാർത്ഥികളിൽ ഒരാൾ കാറിൽ നിന്ന് തെറിച്ച് ലോറിയുടെ മുകളിലേക്ക് വീണു. മുഖം പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ എന്ന് സ്ഥലത്തെത്തിയ നാട്ടുകാർ പറഞ്ഞു. ലോറിയിൽ ഉറങ്ങിക്കിടന്ന ഡ്രൈവറും ക്ലീനറുമാണ് ശബ്ദം കേട്ട് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് കയ്പമംഗലം പോലീസും കൊടുങ്ങല്ലൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് എട്ട് പേരെയും പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
അപകടത്തിന് കാരണം ദേശീയപാത അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു. നിർമാണ മേഖലയിൽ മതിയായ സൂചനാ ബോർഡുകളോ വെളിച്ച സംവിധാനമോ ഇല്ല. നേരത്തെ നടൻ കൊല്ലം സുധി മരിച്ച അപകടം നടന്നത് ഇവിടെ നിന്ന് 100 മീറ്റർ അകലെയാണ് എന്നതും ആശങ്ക ഉയർത്തുന്നു.

