സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും. സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. കേസെടുത്ത് അന്വേഷണം സാധ്യമാണെന്ന് നിയമോപദേശം ലഭിച്ചാല്‍ പ്രത്യേക സൈബര്‍ സംഘം കേസ് അന്വേഷിച്ചേക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ജയില്‍ വകുപ്പിന്റെ തുടര്‍ നടപടികളും ഇന്നറിയാം.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തില്‍ ചിലര്‍ തന്നെ നിര്‍ബന്ധിച്ചതായി ശബ്ദസന്ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാല് കേസില്‍ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തില്‍ പറയുന്നു. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിഡ് റെക്കോര്‍ഡാണ് പുറത്തുവന്നത്.


