മൂവാറ്റുപുഴ: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഗവണ്മെന്റ് പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം മൂന്ന് ദിവസം പിന്നിടുമ്പോള്‍ മൂവാറ്റുപുഴ താലൂക്കില്‍ ഇതുവരെ 24000 റേഷന്‍ കാര്‍ഡുടമകളാണ് വാങ്ങിയത്. താലൂക്കിലെ 159 റേഷന്‍ കടകളിലായി 85000 ത്തോളം റേഷന്‍ കാര്‍ഡുടമകളാണ് താലൂക്കിലുള്ളത്. ഇതില്‍ 24000-ത്തോളം പേര് ഇന്നലെ വരെ റേഷന്‍ വാങ്ങിയത്. താലൂക്കില്‍ മൂന്ന് റേഷന്‍ കടകള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. താലൂക്ക് സപ്ലൈഓഫീസര്‍ ടി.ജി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കടകളില്‍ പരിശോധന നടത്തി. ഇവര്‍ക്കെതിരെയുള്ള പരാതികള്‍ പരിശോധിച്ച് സൗജന്യ റേഷന്‍ വിതരണത്തിന് ശേഷം നടപടി സ്വീകരിക്കും. ഇതോടൊപ്പം തന്നെ എല്ലാ റേഷന്‍ കടകളിലും നിരീക്ഷണം തുടരും.
റേഷന്‍ കടകളിലെ സ്റ്റോക്ക് തീരുന്നതനുസരിച്ച് സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടന്ന് സപ്ലൈഓഫീസര്‍ ടി.ജി.അനില്‍കുമാര്‍ പറഞ്ഞു. എല്ലാ ദിവസവും ഉച്ചവരെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കു ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുമാണ് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നത്. അന്ത്യോദയ വിഭാഗങ്ങള്‍ക്കു നിലവില്‍ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രയോരിറ്റി ഹൗസ് ഹോള്‍ഡ്സ്(പി.എച്ച്.എച്ച്) വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്കു കാര്‍ഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നല്‍കും. വെള്ള, നീല കാര്‍ഡുകളുള്ള മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. 15 കിലോയില്‍ കൂടുതല്‍ ധാന്യം നിലവില്‍ ലഭിക്കുന്ന നീല കാര്‍ഡ് ഉടമകള്‍ക്ക് അതു തുടര്‍ന്നും ലഭിക്കും. ഏപ്രില്‍ 20ന് സൗജന്യ റേഷന്‍ വിതരണം അവസാനിക്കും. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് റേഷന്‍ വിതരണം.ജനപ്രതിനിധികളുടേയും പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശത്തു രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായവും ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വ്യക്തിശുചിത്വം പാലിക്കുന്നതിനു വേണ്ട ക്രമീകരണം മുഴുവന്‍ റേഷന്‍ കടകളിലും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തിയത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും കൃത്യമായ ശാരീരിക അകലവും വ്യക്തി ശുചിത്വം പാലിച്ചുമാണ് ആളുകള്‍ റേഷന്‍ വാങ്ങിയത്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇന്നലെയും വിവിധ റേഷന്‍ കടകള്‍ സന്ദര്‍ശിച്ചു.


