കോഴിക്കോട്: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എപി സമസ്ത മുഖപത്രം സിറാജ്. തെരഞ്ഞെടുപ്പ് കാലത്ത് പദ്ധതിയുടെ അപകടത്തെക്കുറിച്ച് വാചാലരായവര്‍ ഇപ്പോള്‍ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നുവെന്ന് സിറാജിലെ മുഖപ്രസംഗം വിമര്‍ശിക്കുന്നു.
വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരണ ശ്രമങ്ങള്‍ക്കെതിരെ നിലകൊണ്ടവര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സിറാജ് ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ നയത്തിന് മുമ്പാകെ കീഴടങ്ങുന്നത് നീതികേടാണെന്നും അത് മതേതര താത്പര്യങ്ങള്‍ പണയപ്പെടുന്നതിന് തുല്യമാണെന്നും വിമര്‍ശനമുണ്ട്.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം ബഹുസ്വരതയെ ഇല്ലാതാക്കുന്നു. ഈ പദ്ധതിയിലൂടെ സംസ്കാരങ്ങളെ ഹിന്ദുത്വത്തില്‍ ഏകീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാലയങ്ങളെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പരീക്ഷണശാലകളാക്കാന്‍ വിട്ടുകൊടുക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ച പദ്ധതിയില്‍ നിന്ന് പിന്മാറാന് കഴിയില്ലെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ വാദം വസ്തുതാ വിരുദ്ധമാണെന്നും സിറാജ് ചൂണ്ടിക്കാട്ടി.
സാങ്കേതികത്വത്തിന്റെ മറവില്‍ ഒളിച്ചോടുകയല്ല, ഇച്ഛാശക്തിയോടെ സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയണം. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും, പിഎം ശ്രീ പദ്ധതിയില്ലാതെ വിദ്യാഭ്യാസ മേഖല മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്തിന്റെ അഭിമാനവും വിദ്യാഭ്യാസത്തിന്റെ മതേതര സ്വഭാവും പണയം വെക്കണോ? സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ മര്യാദ കാണിക്കേണ്ടതുണ്ട്. പിഎം ശ്രീ പദ്ധതിയിലൂടെ ഒരു തലമുറയുടെ ചിന്താഗതികളില്‍ സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍ ശാശ്വതവും പരിഹരിക്കാനാകാത്തതുമാണെന്നും സിറാജ് ചൂണ്ടിക്കാട്ടി.


