മൂവാറ്റുപുഴ: കടാതി വളക്കുഴിയിലെ ഡമ്പിംഗ് യാഡില്‍ മാലിന്യം കുന്നുകൂടി പകര്‍ച്ചവ്യാധി ഭീഷണി രൂക്ഷമായെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍. മൂന്ന് മാസമായി ബയോ മൈനിങ് പൂര്‍ണമായി നിലച്ചതോടെ സമീപവാസികളുടെ കിണറുകളില്‍ മാലിന്യം ഒഴുകിയെത്തി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്ന സ്ഥിതിയാണെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. നഗരസഭയുടെ മാലിന്യ സംഭരണകേന്ദ്രമായ ഡമ്പിംഗ് യാര്‍ഡ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സന്ദര്‍ശിച്ചു. പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധവും പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ തരംതിരിച്ച് നീക്കുന്നില്ല.
ബയോ മൈനിങ്ങിന് കരാര്‍ എടുത്ത കമ്പനിയുമായി യു.ഡി.എഫ് കൗണ്‍സിലിന്റെ ഒത്തുകളിയാണ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമെന്നാണ് ആരോപണം. കഴിഞ്ഞ ഓണത്തിന് മാലിന്യ കൂമ്പാരം മറച്ചുകെട്ടി താല്‍ക്കാലിക പൂന്തോട്ടം തയ്യാറാക്കി കരാര്‍ കമ്പനിയും യു.ഡി.എഫ് ഭരണസമിതിയും ഓണാഘോഷം നടത്തിയ ശേഷമാണ് ബയോ മൈനിങ് നിലച്ചത്. ബയോ മൈനിങ്ങിനുള്ള യന്ത്രസാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ അടിയന്തരമായി മാലിന്യ നീക്കം നടത്തണമെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മജീദ് മങ്ങാടന്‍ ആവശ്യപ്പെട്ടു. നടപടിയെടുക്കാന്‍ നഗരസഭ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. കൗണ്‍സിലര്‍മാരായ എന്‍.എം. കിഷോര്‍, ടി.എ. സജി, റബിന്‍സ് ടി. അലിയാര്, അമ്പിളി ബിജു, ജയ സുകു, രജനി സജീവ് എന്നിവര്‍ ഡമ്പിംഗ് യാഡ് സന്ദര്‍ശിച്ചു.


