രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ഡിജിറ്റല്‍ സെന്‍സസ് വന്‍ വിജയമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ജി പ്രിയങ്ക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. സെല്‍ഫ് എന്യൂമറേഷന്’ (സ്വയം വിവരങ്ങള്‍ രേഖപ്പെടുത്തല്‍) ഇന്ന് (ജൂണ്‍ 16) ആരംഭിക്കുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ സെന്‍സസിന് വ്യാപകമായ പ്രചരണം നല്കാന് എല്ലാ വകുപ്പുകളും മുന്നിട്ടിറങ്ങണം. വകുപ്പ് മേധാവികള്‍ തങ്ങളുടെ കീഴിലുള്ള ജീവനക്കാരെക്കൊണ്ട് സെല്‍ഫ് എന്യൂമറേഷന് ചെയ്യിക്കണം. സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ഓഫീസുകളിലെ ബോര്‍ഡുകള്‍ വഴിയും ഇതിന് വലിയ രീതിയില്‍ പബ്ലിസിറ്റി നല്‍കണം. സ്കൂളുകളിലും കോളേജുകളിലും പ്രത്യേക ബോധവല്‍ക്കരണം നടത്തി കുട്ടികള്‍ വഴി രക്ഷിതാക്കളിലേക്ക് ഈ സന്ദേശം എത്തിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
ജൂലൈ ഒന്നിനാണ് വീടുകളുടെ കണക്കെടുപ്പോടെ ഒന്നാം ഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമാണ് വിവരശേഖരണത്തിന് എത്തുക. ആദ്യ ഘട്ടത്തില്‍ ഭവനഘടന, ആസ്തി എന്നിവയുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങള്‍ക്കാണ് എന്യുമറേറ്റര്മാര് ഉത്തരം തേടുക. ഒരു ജീവനക്കാരന് 150 മുതല്‍ 200 വരെ വീടുകള്‍ സന്ദര്‍ശിക്കും. 2027 ഫെബ്രുവരിയിലാണ് രണ്ടാം ഘട്ട ജനസംഖ്യ കണക്കെടുപ്പ് നടക്കുക. സെന്‍സസിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ജനങ്ങള്‍ കൃത്യമായ വിവരങ്ങള്‍ നല്കി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.


