മുവാറ്റുപുഴ: നഗരത്തിലെ പ്രധാന റോഡുകൾ മാസങ്ങളായി ഇരുട്ടിൽ തുടരുന്നത് ഭരണസമിതിയുടെ ഗുരുതരമായ വീഴ്ചയാണെന്നും, ജനങ്ങളുടെ സുരക്ഷയെ പോലും അവഗണിക്കുന്ന സമീപനമാണ് നഗരസഭ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് മജീദ് മാങ്ങാടൻ ആരോപിച്ചു. വെള്ളൂർകുന്നം ക്ഷേത്രത്തിലെ നന്ദി കവാടം മുതൽ കടാതി ഫയർ സ്റ്റേഷൻ റോഡ് വരെയുള്ള ഭാഗത്ത് ഉൾപ്പെടെ നഗരത്തിലെ നിരവധി പ്രദേശങ്ങളിലെ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായി കിടക്കുകയാണ്.
മഴക്കാലം ശക്തമായ സാഹചര്യത്തിൽ രാത്രികാല യാത്ര അതീവ ദുഷ്കരമായിരിക്കുകയാണ്. സ്ത്രീകൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ, വയോജനങ്ങൾ തുടങ്ങി ആയിരക്കണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്ന ഈ റോഡുകളിൽ സുരക്ഷിതമായി സഞ്ചരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
പ്രത്യേകിച്ച് ഈ റോഡിന്റെ വിവിധ ഭാഗങ്ങൾ സാമൂഹ്യവിരുദ്ധരുടെ താവളങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നത് അതീവ ഗൗരവമുള്ള വിഷയമാണ്.
രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ ഭാഗങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം വ്യാപകമാണെന്ന പരാതികൾ നാട്ടുകാരിൽ നിന്ന് ഉയരുന്നുണ്ട്. സ്ട്രീറ്റ് ലൈറ്റുകളുടെ അഭാവം ഇത്തരം പ്രവണതകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും പൊതുജനങ്ങളിൽ ഭീതി സൃഷ്ടിക്കുകയും ചെയ്യുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ദിനംപ്രതി വർധിക്കുകയാണ്.
ഇരുട്ട് കാരണം വാഹനാപകട സാധ്യത വർധിച്ചിരിക്കുകയാണ്. പല ഭാഗങ്ങളിലും വെള്ളം നിറഞ്ഞ് തുറന്നുകിടക്കുന്ന ഓടകൾ അപകടഭീഷണി ഉയർത്തുന്നു. മഴക്കാലത്ത് ഇഴജന്തുക്കളുടെ ശല്യവും വർധിച്ചിരിക്കുകയാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ ഇത്തരമൊരു സ്ഥിതി തുടരുന്നത് നഗരസഭയുടെ ഭരണപരമായ പരാജയത്തിന്റെ നേർക്കാഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് മജീദ് മങ്ങാടൻ പറഞ്ഞു.
ആറുമാസം മുമ്പ് അധികാരത്തിലെത്തിയ ഭരണസമിതി നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പോലും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. “മീറ്റ് യുവർ ചെയർപേഴ്സൺ” എന്ന പേരിൽ ജനങ്ങളുടെ പരാതികൾക്ക് ഉടൻ പരിഹാരം കാണുമെന്ന് പ്രഖ്യാപിക്കുകയും മാധ്യമങ്ങൾക്കു മുന്നിൽ വലിയ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്നു. എന്നാൽ യാഥാർഥ്യത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. മേയ് 23-നകം സ്ട്രീറ്റ് ലൈറ്റ് പ്രശ്നം പരിഹരിക്കുമെന്നായിരുന്നു ഭരണസമിതിയുടെ ഉറപ്പ്. മേയ് മാസം അവസാനിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഭരണസമിതിക്കുള്ളിലെ അധികാര തർക്കങ്ങളും പരസ്പര ആരോപണങ്ങളും കസേരക്കളിയും കാരണം നഗരഭരണം താളം തെറ്റിയിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയും അടിസ്ഥാന ആവശ്യങ്ങളും ഉറപ്പാക്കുന്നതിനുപകരം രാഷ്ട്രീയ നാടകങ്ങളാണ് നഗരസഭയിൽ അരങ്ങേറുന്നത്. ഇരുട്ടിലായ നഗരം ഭരണസമിതിയുടെ വികസന വീരവാദങ്ങളുടെ യഥാർത്ഥ മുഖം തുറന്നുകാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ മുഴുവൻ സ്ട്രീറ്റ് ലൈറ്റുകളും അടിയന്തരമായി പ്രവർത്തനക്ഷമമാക്കുകയും സാമൂഹ്യവിരുദ്ധരുടെ ശല്യം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് മജീദ് മാങ്ങാടൻ ആവശ്യപ്പെട്ടു.
*****
പ്രതിഷേധിച്ച് എൽ.ഡി.എഫ്. കൗൺസിലർമാർ
മുവാറ്റുപുഴ: നഗരത്തിലെ പ്രധാന റോഡുകളിൽ അടക്കം മാസങ്ങളായി തെരുവ് വിളക്കുകൾ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. കൗൺസിലർമാർ മൂവാറ്റുപുഴ നഗരസഭ ഓഫീസിൽ മെഴുകു തിരി തെളിച്ച് പ്രതിഷേധിച്ചു.
നഗരം ഇരുട്ടിലായത് ഭരണസമിതിയുടെ ഗുരുതരമായ വീഴ്ചയാണെന്നും ജനങ്ങളുടെ സുരക്ഷയെ പോലും അവഗണിക്കുന്ന സമീപനമാണ് നഗരസഭ സ്വീകരിക്കുന്നതെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് മജീദ് മാങ്ങാടൻ ആരോപിച്ചു.


