ഇടുക്കി: അയല്‍വാസിയുടെ കാല് തല്ലി ഒടിക്കാന്‍ ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ പ്രതികളായ അമ്മയേയും മകളേയും കണ്ടെത്താനാവാതെ പൊലിസ്. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പൊലീസിന് പിടികൊടുക്കാതെ ബന്ധുവീടുകളില്‍ മാറി മാറി തങ്ങുകയാണ് പ്രതികള്‍. തൊടുപുഴ ഇഞ്ചിയാനിയിലാണ് സംഭവം. ഇഞ്ചിയാനി സ്വദേശിയായ ഓമനക്കുട്ടന്റെ(44) കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്കിയ മില്‍ഖയെയും മകള്‍ അനീറ്റയെയുമാണ് പൊലീസ് തെരയുന്നത്. മില്‍ഖയുടെ നാലാം ഭര്‍ത്താവ് റെജിയുടെ സുഹൃത്തുക്കളാണ് ക്വട്ടേഷന്‍ സംഘാംഗങ്ങളെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി
വെള്ളിയാഴ്ച ഇരുവരും അടിമാലിയിലെ ബന്ധുവീട്ടിലെത്തിയിരുന്നു. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും ഇവര്‍ മുങ്ങി. അടിമാലിയിലെ കടയില്‍ സ്വര്‍ണം പണയം വെച്ചതായും പൊലീസിന് വ്യക്തമായി. മൂന്ന് ദിവസമായി മില്‍ഖയും അനീറ്റയും പൊലീസിന്റെ കണ്ണ് വെട്ടിച്ചു നടക്കുകയാണ്. തൊടുപുഴയില്‍നിന്ന് അടിമാലിയിലെ ബന്ധുവീട്ടില്‍ ഇവര്‍ എത്തിയ വിവരം അറിഞ്ഞ് തൊടുപുഴ പൊലീസ് ഇവിടെ എത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. ഇവര്‍ എറണാകുളത്തേക്ക് കടന്നുകളഞ്ഞെന്നാണ് പൊലീസ് സംശയിക്കുന്നത്.
അയല്‍വാസിയും ബന്ധുവുമായ ഓമനക്കുട്ടനെ കഴിഞ്ഞ ബുധനാഴ്ചയാണ് ക്വട്ടേഷന്‍ സംഘം ക്രൂരമായി ആക്രമിച്ചത്. പ്രഭാത സവാരിക്കിറങ്ങിയ ഓമനക്കുട്ടനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മുളകുപൊടി വിതറിയശേഷം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 41കാരി മില്‍ഖ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന പൊലീസ് ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയായ സന്ദീപും സുഹൃത്തുമാണ് അറസ്റ്റിലായത്.
മില്‍ഖയുടെ നാലാം ഭര്‍ത്താവ് റെജിയുടെ സുഹൃത്തുക്കളാണ് ക്വട്ടേഷന്‍ സംഘാംഗങ്ങളെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. 30000 രൂപക്കാണ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു അനീറ്റയും മില്‍ഖയും അയല്‍വാസിയായ ഓമനക്കുട്ടന്റെ കാല് അടിച്ചൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. തൊടുപുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.


