മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ സാക്ഷരത മിഷന് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതി പായിപ്ര ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജില്ലയില്‍ പൊരുമ്പാവൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാനക്കര് ജോലി ചെയ്യുന്നത് പായിപ്ര ഗ്രാമ പഞ്ചായത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ചങ്ങാതി സാക്ഷരതപദ്ധതിയുടെ ഭാഗമായിട്ടാണ് 16 വയസ്സിനു മുകളില്‍ പ്രായമുള്ള അതിഥി തൊഴിലാളികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നത്.
മൂന്നുമാസമാണ് ചങ്ങാതി പദ്ധതിയുടെ പഠനകാലയളവ്, സാക്ഷരതാ മിഷന് തയ്യാറാക്കിയ ഹമാരി മലയാളം പാഠപുസ്തകത്തെ ആസ്പദമാക്കിയാണ് മലയാള പഠന ക്ലാസുകള്‍ നല്‍കുന്നത്. അതിഥി തൊഴിലാളികള്‍ക്കും അവരുടെ കുടുബാഗങ്ങള്‍ക്കും പദ്ധതി പ്രകാരം പഠന സൗകര്യം ഒരുക്കും പഠിതാക്കള്‍ക്ക് പാഠപുസ്തകവും പഠനോപകരണങ്ങളും സാക്ഷരതാ മിഷന് നല്‍കും. പഠനം പൂര്‍ത്തിയാകുന്നതോടെ ചങ്ങാതി മികവുത്സവം എന്ന പേരില്‍ പരീക്ഷയും നടത്തും. പരീക്ഷ വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്കുന്ന രീതിയിലാണ് സാക്ഷരത പദ്ധതി നടപ്പാക്കുന്നത്.