സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ. ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 65 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഇതില്‍ 35 പേര് സ്ത്രീകളാണ്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.
ഫലം പുറത്ത് വന്നപ്പോള്‍ പത്തിടത്ത് എല്‍.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് എട്ടിടത്ത് വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയിലെ പതിനൊന്നാം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. പള്ളിക്കര പഞ്ചായത്തിലെ 19-ാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി.
ബദിയടുക്ക പഞ്ചായത്തിലെ 14-ാം വാര്‍ഡ് ബിജെപിയില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാര്‍ഥി ശ്യാമപ്രസാദാണ് വിജയിച്ചത്.കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എസ്. അനില്‍കുമാര്‍ വിജയിച്ചു. കാള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്ര്യ സ്ഥാനാര്‍ഥി സണ്ണി അബ്രഹാം ജയിച്ചു.
മലപ്പുറത്ത് മഞ്ചേരി നഗരസഭ കിഴക്കേത്തല വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. 155 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി പരേറ്റ മുജീബ് റഹ്മാന് വിജയിച്ചത്. എസ്.ഡി.പി.ഐ രണ്ടാം സ്ഥാനത്തെത്തിയത് എല്‍.ഡി.എഫിന് തിരിച്ചടിയായി. വാര്‍ഡിലെ കൗണ്‍സിലറായിരുന്ന തലാപ്പില്‍ അബ്ദുല്‍ ജലീല്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
മലപ്പുറം നഗരസഭ 11 ാം വാര്‍ഡായ മൂന്നാംപടി എല്‍.ഡി.എഫ് നിലനിര്‍ത്തി.71 വോട്ടിന് സി.പി.എം സ്ഥാനാര്‍ഥി കെ.എം.വി ജലക്ഷ്മി ടീച്ചര്‍ വിജയിച്ചു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷന് മുസ്ലീം ലീഗ് നിലനിര്‍ത്തി.2007 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഗിലെ സി.ടി അയ്യപ്പന് വിജയിച്ചു. ലീഗ് അംഗം കെ.പി രമേശിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.
തൃശൂര്‍ ചേലക്കര കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. ഒ. പ്രേമലതയാണ് 35 വോട്ടിന് വിജയിച്ചത്. എല്‍ഡിഎഫ് പ്രതിനിധി ടി ബി രാധ മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
കൊല്ലത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് ആലുമ്മൂട് വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി. ശ്രീജിത്ത് ജെ 21 വോട്ടുകള്‍ വിജയിച്ചു. ഇവിടെ ഭരണമാറ്റത്തിന് സാധ്യതയുണ്ട്. നിലവില്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. യുഡിഎഫ് , ബിജെപി അംഗങ്ങള്‍ സ്വതന്ത്രയെ പിന്തുണച്ചാല്‍ ഭരണമാറ്റം ഉണ്ടാകും. മുമ്പ് ഇങ്ങനെ പിന്തുണച്ചിരുന്നു. ചവറ ഗ്രാമപഞ്ചായത്ത് കൊറ്റന്‍കുളങ്ങര വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ആര്.എസ്.പി സ്ഥാനാര്‍ത്ഥി അംബിക ദേവി 123 വോട്ടുകള്‍ വിജയിച്ചു
കോഴിക്കോട് തിക്കോടി ഗ്രാമ പഞ്ചായത്ത് പള്ളിക്കര സൗത്ത് വാര്‍ഡ് 5 ല്‍ എല്‍ഡിഎഫിന് ജയം. സിപിഎം സ്ഥാനാര്‍ഥി ഷീബ പുല്‍പ്പാണ്ടി 448 വോട്ടിന് വിജയിച്ചു.
ഇടുക്കി രാജകുമാരി പഞ്ചായത്ത് രണ്ടാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിമല ദേവി വിജയിച്ചു.കൂറുമറ്റ നിരോധന നിയമം പ്രകാരം മുന്‍ അംഗം അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്
ആലുവ നഗരസഭ 22 ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു.കോണ്‍ഗ്രസിലെ വിദ്യ ബിജു 43 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ജെ.ബി മേത്തര്‍ രാജ്യസഭാംഗമായതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂര്‍ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. കേരള കോണ്‍ഗ്രസ് എമ്മിലെ വിനീത രാഗേഷ് ആണ് വിജയിച്ചത്. 216 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനീതയുടെ വിജയം. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മിനു മനോജ് സര്‍ക്കാര്‍ ജോലി കിട്ടിയതിനെ തുടന്ന് രാജി വെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫ് 477, യു.ഡി.എഫ് 261, ബി.ജെ.പി 99 എന്നിങ്ങനെയാണ് വോട്ട് നില.


