കൊച്ചി: നടൻ ടിനി ടോമിനെതിരായ നടി അൻസിബയുടെ പരാതിയിൽ കേസ് എടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഈ നിർദേശം. കടവന്ത്ര പൊലീസിനോടാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുക്കാൻ കോടതി നിർദേശിച്ചിട്ടുള്ളത്.
നേരത്തെ താരസംഘടനയായ ‘അമ്മ’യിൽ അൻസിബ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ സംഘടന ഗൗരവമായി പരിഗണിച്ചിരുന്നില്ല. തന്നെ ജിഹാദിയെന്ന് വിളിച്ചുവെന്നും, മതം മാറ്റാൻ ശ്രമിച്ചുവെന്ന് പറഞ്ഞു പരത്തിയെന്നും, വംശീയവും വ്യക്തിപരവുമായ അധിക്ഷേപങ്ങൾ നടത്തിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അൻസിബ പരാതി നൽകിയത്. തുടർന്ന് നിയമവഴി തേടിയ അൻസിബ കടവന്ത്ര പൊലീസിൽ പരാതി നൽകിയെങ്കിലും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല.
ആരോപണവിധേയരായ ടിനി ടോം ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും കേസ് എടുക്കാൻ തക്കതായ തെളിവുകളില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് കേസ് എടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മതിയായ തെളിവുകളോടെ അൻസിബ കോടതിയെ സമീപിച്ചതും അനുകൂലമായ ഉത്തരവ് നേടിയെടുത്തതും.
വിഷയത്തിൽ പൊലീസ് രാഷ്ട്രീയം കളിക്കുകയാണെന്ന് അൻസിബയുടെ അഭിഭാഷകൻ മീഡിയാവണിനോട് പ്രതികരിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് കൃത്യമായ തെളിവുകളോടെ പരാതി നൽകിയിട്ടും അർഹിക്കുന്ന മാന്യത നൽകാനോ അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ല. ഇത്രയേറെ മാധ്യമശ്രദ്ധ ലഭിച്ച ഒരു കേസിൽ പൊലീസിന്റെ സമീപനം ഇതാണെങ്കിൽ സാധാരണക്കാർക്ക് എങ്ങനെ നീതി ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചു. നീതി ലഭിക്കുന്നതിന് വേണ്ടി ഏതറ്റം വരെ പോകുമെന്നും ആവശ്യമെങ്കിൽ സുപ്രിംകോടതിയെ വരെ സമീപിക്കാൻ അൻസിബ തയ്യാറാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.


