പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ പെണ്‍സുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. മരിച്ച യുവാവിന് ജ്യൂസും കഷായവും നല്കിയ വനിതാ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം.
തിരുവനന്തപുരത്ത് പാറശാലയില്‍ ജ്യൂസ് കുടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത നിലനില്‍ക്കുകയാണ്. കേസന്വേഷണം തുടരുന്നതിനിടെ, പുറത്ത് വരുന്ന ദൃശ്യങ്ങളും രക്ത പരിശോധന ഫലവും വരെ സംശയങ്ങള്‍ ഉയര്‍ത്തുകയാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോണ്‍ ബന്ധുക്കളില്‍ നിന്ന് മറച്ചുവച്ചെന്ന് വാട്സാപ്പ് ചാറ്റുകളും വ്യക്തമാക്കുന്നു. ഇരുവരും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ പെണ്‍കുട്ടി ആരോപണങ്ങളെല്ലാം നിഷേധിച്ചു.
കാമുകിയുമായി ഷാരോണ്‍ രാജ് നടത്തിയ വാട്സ് ആപ്പ് സന്ദേശത്തില്‍ കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ഷാരോണ്‍ പെണ്‍കുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്നും ഷാരോണ്‍ പുറയുന്നുണ്ട്. ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്സ് ആപ്പ് സന്ദേശത്തിലുണ്ട്.


