കൊച്ചി: കോറോഹെല്‍ത്ത് കമ്പനി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തില്‍ തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ച ഇന്ന്. തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ, ഉമാ തോമസ് എംഎല്‍എ, ജില്ലാ ലേബര്‍ ഓഫീസര്‍, ലേബര്‍ സെക്രട്ടറി എന്നിവര്‍ എറണാകുളം കലക്ടറേറ്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. കോറോഹെല്‍ത്ത് അധികൃതര്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍. ജോലി നഷ്ടമായവരെ കമ്പനിയുടെ മറ്റ് ഓഫീസുകളില്‍ വിന്യസിച്ച് പ്രശ്നം പരിഹരിക്കണമെന്നും ആവശ്യമുണ്ട്.
മുന്‍പ് നടന്ന ചര്‍ച്ചകളില്‍ കമ്പനി അനുകൂല നിലപാടായിരുന്നില്ല സ്വീകരിച്ചിരുന്നത്. ഓഫീസ് തുറന്നു നല്കാന് പോലും തയ്യാറായിരുന്നില്ല. ഓഫീസില്‍ എത്തിയ ജീവനക്കാര്‍ക്ക് പലപ്പോഴും തിരികെ പോകേണ്ടി വന്നിട്ടുണ്ട്. ദിവസങ്ങളായി ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധം തുടരുകയാണ്. ഇവരുടെ കോഴിക്കോട്ടെ ഓഫീസിന് മുന്നിലും പ്രതിഷേധമുണ്ട്.


