മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദിന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം നിലമ്പൂര്‍ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
പ്രധാന രാഷ്ട്രീയ നേതാക്കളും പൗരപ്രമുഖരും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് സംസ്കാര ചടങ്ങിനെത്തിയത്. സംസ്കാര ചടങ്ങില്‍ പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. ആര്യാടനെ അനുസ്മരിച്ച് പള്ളിമുറ്റത്ത് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഇന്നലെ മലപ്പുറം ഡിസിസി ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇ കെ നയനാര്‍, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. മികച്ച സമാജികനെന്ന് വിശേഷണമുണ്ടായിരുന്ന ആര്യാടന് മുഹമ്മദ്, കോണ്‍ഗ്രസിലെ പല തന്ത്രപ്രധാന നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.
1935 മെയ് 15ന് ആര്യാടന് ഉണ്ണീന്‍- കാദിയുമ്മ ദമ്പതികളുടെ മകനായി നിലമ്പൂരിലായിരുന്നു ജനനം. 1952ല്‍ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം, 1958 മുതല്‍ കെപിസിസി അംഗമായിരുന്നു. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നിലമ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004- 06) വൈദ്യുതി മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


