മൂവാറ്റുപുഴ: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണം 2026-27 പദ്ധതിയില് ഉള്പ്പെടുത്തി മാറാടി ഗ്രാമപഞ്ചായത്തിലെ ഓണിയേലിവയല് കടവില് ഒന്നര ലക്ഷം കാര്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്തിന്റെ ജലാശയങ്ങളില് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കല് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഭൂതത്താന്കെട്ട് ഹാച്ചറിയില് നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചത്.
പൊതു ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്ധിപ്പിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികള്ക്കും പ്രാദേശിക മത്സ്യകര്ഷകര്ക്കും ഉപജീവന സഹായം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ പൊതു ജലാശയങ്ങളിലായി ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഭാഗമാണ് മാറാടിയിലെ പരിപാടിയെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര് (മേഖല) വി. സിന്ധു പറഞ്ഞു. ചടങ്ങില് ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം മാത്യൂസ് വര്ക്കി അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ് മുഖ്യാതിഥിയായി. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാന്റി എബ്രഹാം സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് രമ രാമകൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് ജില്സണ് ജോസ്, ഫിഷറീസ് എക്സ്റ്റന്ഷന് ഓഫീസര്മാരായ അഭിരാമി എന്., രേഷ്മ ആര്. നായര് എന്നിവര് സംസാരിച്ചു.

