ബെര്ലിന്: ജര്മ്മനിയില് ഹ്യൂമനോയ്ഡ് റോബോട്ട് ഉപയോഗിച്ച് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. പതിനാറുകാരനും ഇയാളുടെ സഹോദരനും പിടിയിലായി. ജര്മനിയിലെ കൊളോണില് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് സമീപത്താണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള് പകര്ത്തി സോഷ്യല് മീഡിയയിലൂടെ തത്സമയം സംപ്രേഷണം ചെയ്തതായും റിപ്പോര്ട്ടുകളുണ്ട്.
ശനിയാഴ്ച അര്ധരാത്രിക്ക് തൊട്ടുമുമ്പ് പടിഞ്ഞാറന് ജര്മന് നഗരമായ കൊളോണില് സുഹൃത്തുക്കള്ക്കൊപ്പം ഉണ്ടായിരുന്ന 16കാരിയുടെ അടുത്തേക്ക് ഏകദേശം നാലടി ഉയരമുള്ള റോബോട്ട് എത്തിയതായാണ് പൊലീസ് നല്കുന്ന വിവരം. ചുവപ്പും സ്വര്ണനിറവും കലര്ന്ന റോബോട്ട് പെണ്കുട്ടിയെ പിടിച്ചുവലിക്കുകയും ശരീരത്തില് മോശമായി സ്പര്ശിക്കുന്ന തരത്തിലുള്ള ചലനങ്ങള് നടത്തുകയും ചെയ്തെന്നാണ് ആരോപണം. സോഷ്യല് മീഡിയയില് പ്രചരിക്കുന്ന ദൃശ്യങ്ങളില് റോബോട്ട് പെണ്കുട്ടിയുടെ അടുത്തേക്ക് നീങ്ങുന്നതും പെണ്കുട്ടി നിലവിളിച്ച് പിന്നിലേക്ക് മാറുന്നതും കാണുന്നതായി റിപ്പോര്ട്ടുകളുണ്ട്.
റോബോട്ടിന്റെ ഉടമയായ 16കാരനും 19കാരനായ സുഹൃത്തും ചേര്ന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങള് പകര്ത്തുകയും തത്സമയം സംപ്രേഷണം ചെയ്യുകയും സംഭവത്തിനിടെ കമന്റുകള് നടത്തുകയും ചെയ്തെന്നാണ് പൊലീസിന്റെ സംശയം. മാര്വല് സൂപ്പര്ഹീറോ അയണ് മാന്റെ രൂപകല്പ്പനയോട് സാമ്യമുള്ള നിറങ്ങളിലാണ് റോബോട്ട് നിര്മിച്ചിരിക്കുന്നതെന്ന് ന്യൂയോര്ക്ക് പോസ്റ്റ് റിപ്പോര്ട്ട് ചെയ്തു.

