എറണാകുളം ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതിയൊരു ഡിജിറ്റല്‍ വിപ്ലവത്തിന് തിരികൊളുത്തി കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 24 ഹൈസ്കൂളുകളെ ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ സ്മാര്‍ട്ടാക്കാന്‍ 1.24 കോടി രൂപയുടെ സി.എസ്.ആര് (CSR) ഫണ്ടാണ് കൊച്ചിന് ഷിപ്പ്യാര്ഡ് അനുവദിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചിന് ഷിപ്പ്യാര്ഡ് സി.എസ്.ആര് വിഭാഗം മേധാവി പി.എന്‍. സമ്പത്ത് കുമാറും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡിംപിള്‍ മാഗിയും പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. കൊച്ചിന് ഷിപ്പ്യാര്ഡ് സീനിയര്‍ മാനേജര്‍മാരായ ശശീന്ദ്രദാസ് പി.എസ്, യൂസഫ് എ.കെ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഷൈജോ പറമ്പി, പി.എ. മുക്താര്‍, ശ്രീദേവി മധു, റസിയ റഹ്മത്ത്, മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഡിഡി എഡ്യൂക്കേഷന്‍ സുബിന് പോള്‍ എന്നിവര്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് ധാരണാപത്രം കൈമാറിയത്.
പദ്ധതിയുടെ ഭാഗമായി അത്യാധുനിക സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, നവീകരിച്ച ഐ.ടി. ലാബുകള്‍, ഇന്ററാക്ടീവ് ഡിജിറ്റല്‍ ബോര്‍ഡുകള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍ക്കാവശ്യമായ ഹൈടെക് ഫര്‍ണിച്ചറുകള്‍ എന്നിവയാണ് സ്കൂളുകളില്‍ സജ്ജമാക്കുന്നത്. പദ്ധതിയുടെ ആസൂത്രണം, ഏകോപനം, നിര്‍വഹണം എന്നിവ ജില്ലാ പഞ്ചായത്ത് നേരിട്ട് നിര്‍വഹിക്കുമ്പോള്‍, വിദ്യാഭ്യാസ വകുപ്പിന്റെ (DDE) ഭാഗത്തുനിന്നുള്ള പൂര്‍ണ്ണ സാങ്കേതിക-ഭരണപരമായ പിന്തുണ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ ഉറപ്പാക്കുന്നു. സ്കൂള്‍ അധികൃതരുമായും പി.ടി.എകളുമായും ആവശ്യമായ ഏകോപനവും ഇതിലൂടെ നടപ്പിലാക്കുന്നുണ്ട്.
ആധുനിക ഡിജിറ്റല്‍ സൗകര്യങ്ങളിലൂടെ ഗ്രാമീണ മേഖലയിലെയടക്കം വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും ഡിജിറ്റല്‍ നൈപുണ്യവും സര്‍ഗാത്മകതയും ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ പദ്ധതി, എറണാകുളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ ഒരു വന്‍ കുതിച്ചുചാട്ടമായി മാറും!

