മാലിദ്വീപിലുണ്ടായ തീപിടിത്തത്തില്‍ 9 ഇന്ത്യക്കാര്‍ മരിച്ചു. ആകെ പത്ത് പേര് മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. മരിച്ചവരില്‍ ഒരാള്‍ ബംഗ്ലാദേശ് സ്വദേശിയാണ്. മാലിദ്വീപ് തലസ്ഥാനമായ മാലെയിലാണ് സംഭവം. മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തി. സഹായത്തിനായി എംബസി അധികൃതരെ സമീപിക്കാന്‍ ഫോണ്‍ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗാരേജില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വാഹന അറ്റകുറ്റപ്പണി നടത്തുന്ന ഗാരേജില്‍ നിന്നാണ് ഉണ്ടായ തീപിടിത്തമുണ്ടായത്. തകര്‍ന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മരിച്ചവരില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഉള്‍പ്പെട്ടിരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് മാലിദ്വീപ് പൊലീസ്. മാലിദ്വീപിലെ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് പലായനം ചെയ്തവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും ക്യാമ്പ് തുറന്നിട്ടുണ്ട്. ദുരിതാശ്വാസ സഹായവും പിന്തുണയും നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.


