കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറൂയിപ്പൂരിൽ 11 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ പ്രഭാസ് മൊണ്ടാൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കുറ്റകൃത്യത്തിന്റെ പുനരാവിഷ്ക്കരണത്തിനായി അർധരാത്രിയോടെ സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് വെടിയേറ്റ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.
പൊലീസിന്റെ വിശദീകരണമനുസരിച്ച്, സംഭവസ്ഥലത്ത് തെളിവെടുപ്പ് പുരോഗമിക്കവെ പ്രഭാസ് മൊണ്ടാൽ ഒരു പൊലീസുകാരന്റെ തോക്ക് കൈക്കലാക്കി. തുടർന്ന് പൊലീസിന് നേരെ ഒരു റൗണ്ട് വെടിയുതിർക്കുകയും അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി പൊലീസ് തിരിച്ചും വെടിവെച്ചതായാണ് അധികൃതരുടെ വിശദീകരണം.
വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രഭാസ് മൊണ്ടാലിനെ ഉടൻ ബറൂയിപ്പൂർ മഹകുമ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
11 വയസുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി കുളത്തിൽ നിന്ന് കണ്ടെത്തിയതോടെയാണ് കേസ് പുറത്തറിഞ്ഞത്. അന്വേഷണത്തിനൊടുവിൽ പ്രഭാസ് മൊണ്ടാൽ, ആനന്ദ് സർദാർ, ദിബാകർ സർദാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ബസിർഹാട്ടിൽ നിന്ന് കബീർ മൊല്ലയെയും കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത് പ്രഭാസ് മൊണ്ടാലാണെന്നും, തുടർന്ന് മറ്റ് പ്രതികൾ ചേർന്ന് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.


