മൂവാറ്റുപുഴ: മൂവാറ്റുപുഴ റോഡ്സ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴയ്ക്ക് മാറ്റി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി. കിഫ്ബിയുടെ വര്‍ക്കുകള്‍ ഏകോപിപ്പിക്കുന്നതിനായി ഇടുക്കി ജില്ലയ്ക്കും മൂവാറ്റുപുഴ റോഡ്സ് ഡിവിഷനുമായി ഒരു എക്സിക്യൂട്ടീവ് എന്‍ജിനീയറെ നിയമിച്ചിട്ടുണ്ട്. ഈ ഓഫീസ് മൂവാറ്റുപുഴയില്‍ ആരംഭിച്ചിട്ടില്ലാത്തതും ഇവിടെ നിന്ന് മാറ്റി കൊണ്ടു പോയി എന്ന പ്രചരണവും ശരിയല്ല. തൊടുപുഴ പിഡബ്ല്യുഡിയുടെ ഒഴിഞ്ഞു കിടന്ന ഓഫീസിലാണ് ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും ഏരിയ ആക്ടിങ് സെക്രട്ടറി കെപി രാമചന്ദ്രന് പറഞ്ഞു.
മൂവാറ്റുപുഴ കാടാതിയില് നിന്നും മുറി കല്ലുവഴി എംസി റോഡിലേക്ക് ഒരു ടൗണ്‍ ബൈപ്പാസ് വേണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ പ്രമേയം വഴി ആവശ്യപ്പെടുകയും വിപുലമായ യോഗം ചേര്‍ന്ന് റോഡിന്റെ അലൈന്മെന്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്തു തീരുമാനിച്ചു സംസ്ഥാന സര്‍ക്കാരിന് നല്കിയ നിവേദനത്തെ തുടര്‍ന്ന് ബഡ്ജറ്റില്‍ ഈ പദ്ധതിക്ക് ടോക്കണ്‍ സംഖ്യ ഉള്‍പ്പെടുത്തുകയും ചെയ്തു.
ബാബുപോള്‍ എംഎല്‍എ ആയിരുന്ന സമയം 2009ലെ ബഡ്ജറ്റില്‍ മുറിക്കല്‍ പാലത്തിന് 8 കോടിയും, അപ്രോച്ച് റോഡിന് 12 കോടിയും അനുവദിച്ചു. ടൗണ്‍ റോഡിന്റെ വീതി സംബന്ധിച്ച തര്‍ക്കം പരിഹരിച്ചു 20 മീറ്റര്‍ ആയി നിജപ്പെടുത്തുകയും, അലൈന്മെന്റ് തയ്യാറാക്കി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച സമയത്ത് സ്ഥലമുടമകള്‍ കേസുകള്‍ നല്കിയതിനാല് വീണ്ടും കാലതാമസമുണ്ടായി. നെല്‍വയല്‍- നീര്‍ത്തട നിയമപ്രകാരം നിലമായി കിടക്കുന്ന റോഡിന്റെ ഭാഗം രൂപഭേദം വരുത്തിയാല്‍ മാത്രമേ ഏറ്റെടുക്കുവാന്‍ കഴിയുമായിരുന്നുള്ളൂ.
എല്‍ഡിഎഫ് ഗവണ്മെന്റ് റോഡുകളെയും പാലങ്ങളെയും ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി 183 സ്ഥലം ഉടമകളില്‍ ചുരുക്കം ചിലര്‍ക്ക് ഒഴികെ സ്ഥല വില നല്കി ഏറ്റെടുത്തു. ഈ രണ്ട് പദ്ധതിക്കും കിഫ്ബിയുടെ അംഗീകാരവും, ഫണ്ട് അലോക്കേഷനും ഈ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങരുതെന്ന് സിപിഐഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.


