എറണാകുളം: താരസംഘടനയായ അമ്മയിൽ ശ്വേത ഭരണസമിതിയുടെ തുറന്ന കത്ത് നിയമവിരുദ്ധമെന്ന് ഒരു വിഭാഗം അംഗങ്ങൾ. ടെക്നിക്കൽ പ്രശ്നം കാരണം കുറച്ച് അംഗങ്ങൾക്ക് കത്ത് കിട്ടിയില്ല. ഇതെല്ലാം അമ്മയുടെ ബൈലോക്ക് വിരുദ്ധമാണെന്നും ഇതൊന്നും അമ്മയിൽ പതിവ് ഇല്ലാത്ത കാര്യങ്ങളാണെന്നും ഒരു വിഭാഗം പറഞ്ഞു.
അമ്മയുടെ ഔദ്യോഗിക നിയമപ്രകാരം സംഘടനയിലെ സുപ്രധാന കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഔദ്യോഗിക അറിയിപ്പുകൾ ഇ-മെയിൽ വഴിയാണ് അംഗങ്ങൾക്ക് നൽകേണ്ടത്. എന്നാൽ, പുതിയ കത്ത് അയച്ചിരിക്കുന്നത് വാട്സാപ്പ് വഴിയാണ്. അമ്മയുടെ ഔദ്യോഗിക ഫോൺ നമ്പറിൽ നിന്നാണ് കത്ത് അയച്ചിട്ടുള്ളതെങ്കിലും, ആ നമ്പർ ഫോണിൽ സേവ് ചെയ്തിട്ടുള്ള അംഗങ്ങൾക്ക് മാത്രമാണ് നിലവിൽ ഈ സന്ദേശം ലഭിച്ചിട്ടുള്ളത്. നമ്പർ സേവ് ചെയ്യാത്ത നിരവധി അംഗങ്ങൾക്ക് കത്ത് ലഭ്യമാകാത്തത് സംഘടനയ്ക്കുള്ളിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകൾ ഇമെയിലിന് പകരം വാട്സാപ്പ് വഴി അയച്ചതും, അത് ഒരു വിഭാഗം അംഗങ്ങൾക്ക് മാത്രം ലഭ്യമായതുമാണ് കത്ത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കാൻ പ്രധാന കാരണം.
സംഘടനയുടെ ബൈലോ പ്രകാരം ഇത്തരം മാപ്പപേക്ഷകളോ തുറന്ന കത്തുകളോ ഡിജിറ്റൽ മാധ്യമങ്ങൾ വഴി കൈമാറേണ്ടതില്ലെന്നും, ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ജനറൽ ബോഡി യോഗമാണെന്നും ഇവർ വ്യക്തമാക്കുന്നു. അമ്മയിലെ എല്ലാ തീരുമാനങ്ങളിലും അന്തിമ അധികാരം ജനറൽ ബോഡിക്കാണെന്നിരിക്കെ, അത് ലംഘിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മുമ്പ് ജനറൽ ബോഡി യോഗത്തിൽ വെച്ച് രാജിവെച്ച് ഇറങ്ങിപ്പോയ 17 അംഗ ഭരണസമിതിയിലെ എട്ട് പേരെ മാത്രം പങ്കെടുപ്പിച്ചാണ് ഇപ്പോൾ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നിരിക്കുന്നത്.
സംഘടനയുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ നീക്കങ്ങൾ എന്നതും ശ്രദ്ധേയമാണ്. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ ശ്വേതാ മേനോൻ തന്നെയാണ് ഈ കേസ് കോടതിയിൽ ഫയൽ ചെയ്തത്. കേസ് കോടതിയിലായിരിക്കെ തന്നെ ശ്വേതാ മേനോന്റെ അധ്യക്ഷതയിൽ ഭരണസമിതി യോഗം ചേർന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും ആക്ഷേപമുണ്ട്.


