ആലപ്പുഴ: നാപ്ടോള്‍ കമ്പനിയുടെ സ്ക്രാച്ച് ആന്‍ഡ് വിന് കൂപ്പണിലൂടെ ലക്ഷങ്ങള്‍ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര് അറസ്റ്റില്‍. കര്‍ണാടക സ്വദേശികളായ ജഗദീഷ് (40), ദേവിപ്രസാദ് (35) എന്നിവരാണ് പിടിയിലായത്.
ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയായ ഗോപാലകൃഷ്ണപിള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നാപ്ടോളില്‍ നിന്ന് ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാറുണ്ട്. ഇതിനിടെയാണ് തപാലില്‍ സ്ക്രാച്ച് കാര്‍ഡ് ലഭിച്ചു എന്ന് പറഞ്ഞ് ഇയാളെ തട്ടിപ്പ് സംഘം കബിളിപ്പിച്ചത്. ഇത് പരിശോധിച്ചപ്പോള്‍ 13.5 ലക്ഷം രൂപ സമ്മാനം ലഭിച്ചതായി ഗോപാലകൃഷ്ണപിള്ള വിശ്വസിച്ചു. തുടര്‍ന്ന് കാര്‍ഡിലുണ്ടായിരുന്ന ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോള്‍ നാപ്ടോളിന്റെ പിആര്ഒയാണെന്നു പരിചയപ്പെടുത്തിയാണ് പ്രതികള്‍ തെറ്റിദ്ധരിപ്പിച്ചത്.
പേര് അമല്‍ദേവ് എന്നാണെന്നും ഓച്ചിറ സ്വദേശിയായ താന്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. കൂപ്പണിന്റെ സമ്മാനത്തുകയായ 13.5 ലക്ഷം രൂപയുടെ 10 ശതമാനം ജിഎസ്ടിയായി 1.35 ലക്ഷം രൂപ അടയ്ക്കാനാവശ്യപ്പെട്ട് അക്കൗണ്ട് നമ്പരും നല്കി. ഇതിനുശേഷം നികുതി എന്ന് ആവശ്യപ്പെട്ട് കൂടുതല്‍ പണം ഗോപാലകൃഷ്ണനോട് ചോദിച്ചു. ഇതില്‍ സംശയം തോന്നിയാണ് ഗോപാലകൃഷ്ണപ്പിള്ള പോലീസില്‍ സമീപിച്ചത്.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് കര്‍ണാടകയിലെത്തി ബാങ്ക് അക്കൗണ്ട് നമ്പറിന്റെയും അക്കൗണ്ട് ഉടമകളുടെയും വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ഒന്നാംപ്രതിയായ ജഗദീഷിനെ കര്‍ണാടകയിലെ മടിക്കേരിയില്‍ നിന്നും രണ്ടാംപ്രതി ദേവിപ്രസാദിനെ കല്ലുഗുണ്ടിയില്നിന്നുമാണ് പിടികൂടിയത്.


