കാക്കനാട്: കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പാക്കുന്നതിന് പോലീസിന്റെ നേതൃത്വത്തിലും നടപടികള്‍ ശക്തമാക്കി. കൂടുതല്‍ ആളുകളിലേക്ക് വാക്സിനേഷന് കൃത്യമായി എത്തിയാക്കുന്നതിനുള്ള നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചു.
നിലവില്‍ 10.75 ആണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തില്‍ ആര്‍ടി – പിസിആര്‍ പരിശോധനയും കോവിഡ് പ്രോട്ടോകോള്‍ എന്ഫോഴ്സുമെന്റിനും പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്‍ഡോര്‍ പരിപാടികളില്‍ 100 ഉം ഔട്ട് ഡോര്‍ പരിപാടികളില്‍ 200 ഉം ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. ഇതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കണമെങ്കില്‍ പങ്കെടുക്കുന്ന എല്ലാവരും പരിപാടി നടക്കുന്ന 72 മണിക്കൂറിനുള്ളില്‍ ആര്‍ടി – പിസിആര്‍, ആര്‍ടി ലാംപ് എന്നിവയിലേതെങ്കിലും ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരോ വാക്സിന് എടുത്തവരോ ആയിരിക്കണം.
വിവാഹം, കലാ- കായിക, സാംസ്കാരിക പരിപടികള്‍, ഉത്സവങ്ങള്‍ തുടങ്ങി എല്ലാ പൊതുപരിപാടികള്‍ക്കും ഇത് ബാധകമായിരിക്കും. യോഗങ്ങള്‍ രണ്ട് മണിക്കൂര്‍ സമയത്തില്‍ പരിമിതപ്പെടുത്തണം. ഹോട്ടലുകളിലും, റെസ്റ്റോറന്റുകളിലും ഹോം ഡെലിവറി സംവിധാനം അല്ലങ്കില്‍ ടേക്ക് ഹോം സംവിധാനം ഏര്‍പ്പെടുത്തണം. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രം ഒരേ സമയം അനുവദിക്കാവൂ.
സിവില്‍ സപ്ലൈസ് കോര്പറേഷന്, ഹോര്‍ട്ടി കോര്‍പ്പ്, പൗള്‍ട്രി കോര്പറേഷന്, മത്സ്യഫെഡ്, മില്‍മ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏകോപിപ്പിച്ചു ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ചു നിത്യോപയോഗ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഷോപ്പുകളും ഹോം ഡെലിവറി സംവിധാനം വിപുലപ്പെടുത്തണം.
ടെലിഡോക്ടര്‍ സംവിധാനമായ ഇ- സഞ്ജീവനി എല്ലാ ആശുപത്രികളിലും ഏര്‍പ്പെടുത്തും. ട്രെയിനുകളിലും ബസ്സുകളിലും ആളുകള്‍ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യാന്‍ പാടുള്ളതല്ല. അത്യാവശ്യമായ യോഗങ്ങള്‍ കഴിവതും മൂന്നാഴ്ചത്തേക്ക് സംഘാടകര്‍ നീട്ടി വയ്ക്കണം. ഭക്ഷണ വിതരണമുള്ള യോഗങ്ങളില്‍ അത് കഴിയുന്നതും ഭക്ഷണപ്പൊതികളായി നല്‍കണം. അടുത്ത രണ്ടാഴ്ച ഷോപ്പുകളും മാളുകളും രാത്രി ഒന്‍പതു വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാവൂ. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.


