മൂവാറ്റുപുഴ: സ്വന്തം കഴിവുകേട് മറച്ചു വയ്ക്കാൻ മാത്യു കുഴൽനാടൻ എം.എൽ.എ. സി.പി.എമ്മിനെതിരെ ദുഷ്പ്രചാരണം നടത്തുന്നുവെന്ന് ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു. മുവാറ്റുപുഴ മണ്ഡലത്തിലാകെ റോഡ് നിർമിക്കുന്നതിന് സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ മാത്രമാണ് വകയിരുത്തിയത്. ബജറ്റിന് മുന്നോടിയായി എം.എൽ.എ. ഇത് സംബന്ധിച്ച് നിർദേശം സമർപിക്കാതിരുന്നതാണ് തുക കുറയാൻ ഇടയാക്കിയത്. തുടർന്ന് എൽ.ഡി.എഫ്. നേതാക്കൾ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കൂടുതൽ തുകയുടെ ആവശ്യം ബോധ്യപെടുത്തി.
തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ആവശ്യ പ്രകാരം നഗരത്തിലെ ആസാദ് റോഡ്, മാർക്കറ്റ് റോഡ്, പുളിഞ്ചോട് – ജനശക്തി എന്നീ റോഡുകൾക്കായി അഞ്ച് കോടി രൂപ ബജറ്റിൽ അധികമായി വകയിരുത്തിയത്. റോഡ് സംബന്ധിച്ച് യാതൊരു ആശയ വിനിമയവും എം.എൽ.എ. ഇടത് നേതാക്കളുമായി നടത്തിയിട്ടില്ല. സംസ്ഥാന ബജറ്റിൽ ജനശക്തി റോഡിന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട് എന്നറിഞ്ഞ ഇ.എം.എസ്. റസിഡൻസ് അസോസിയേഷൻ സ്ഥലം ഉടമകളെ വിളിച്ച് ചേർത്തു.
ആ യോഗത്തിൽ എം.എൽ.എ. യും മുനിസിപ്പൽ ചെയർമാനും സംബന്ധിച്ചിരുന്നു. സ്ഥലം ഉടമകളുമായി സംസാരിക്കാൻ മുനിസിപ്പൽ ചെയർമാനും വൈസ് ചെയർമാനും കൗൺസിലർമാരും പൊതു പ്രവർത്തകരും അടങ്ങുന്ന സംഘമാണ് പോയത്. എന്നാൽ സൗജന്യമായി പലരും സ്ഥലം വിട്ടു നല്കാൻ തയാറായില്ല. ഇത് റോഡ് വികസനത്തിന് തിരിച്ചടിയായി. ഇതോടെ നിലവിലുളള റോഡ് ബി.എം.ബി.സി. നിലവാരത്തിൽ ടാർ ചെയ്ത് നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് എടുത്ത് നിർമാണത്തിനുള്ള നടപടി ആരംഭിച്ചു. വസ്തുത ഇതായിരിക്കെ എം.എൽ.എ. സ്വന്തം കഴിവുകേട് മറയ്ക്കുന്നതിന് സി.പി.എം.
വികസനത്തിന് എതിരാണ് എന്ന ദുഷ്പ്രചരണം നടത്തുകയാണെന്നും അനീഷ് പ്രസ്ഥാവനയിൽ പറഞ്ഞു.
മുടങ്ങി കിടന്ന മുവാറ്റുപുഴ ടൗൺ വികസനം പുനരാരംഭിച്ചതും എൽ.ഡി.എഫ്. നേതാക്കളുടെ പരിശ്രമത്തിന് ഒടുവിലാണ്. കിഫ്ബിയിൽ നിന്നും മുഴുവൻ തുകയും അനുവദിച്ചിട്ടും നാല് വർഷം കഴിഞ്ഞിട്ടും റോഡ് വികസനത്തിനുള്ള തടസം നീക്കാ എം.എൽ.എ.ക്ക് കഴിഞ്ഞില്ല. ഏതാനും വസ്തു ഉടമകൾ സ്ഥലം വിട്ടു നല്കാതെ വന്നപ്പോൾ എൽ.ഡി.എഫ്. നേതാക്കളായ ഗോപി കോട്ടമുറിക്കൽ, പി.എം. ഇസ്മായിൽ, ബാബു പോൾ എന്നിവർ ഇടപെട്ടാണ് തടസം ഒഴിവാക്കിയതെന്നും സി.പി.എം. ഏരിയ സെക്രട്ടറി പറഞ്ഞു.