തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള പരിശോധന സിപിഎം ആരംഭിച്ചു. ആദ്യഘട്ടം എന്ന നിലയിൽ ജില്ലാ നേതൃയോഗങ്ങളാണ് നടക്കുന്നത്. ബ്രാഞ്ച് വരെയുള്ള പരിശോധന ജൂൺ 5 നകം പൂർത്തിയാക്കാൻ ആണ് തീരുമാനം. പാർട്ടി ഘടകങ്ങളെല്ലാം ചർച്ച ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
മൂന്ന് ദിവസം നീണ്ടുനിന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്തിരുന്നു. ന്യൂനപക്ഷങ്ങൾ അകന്നത്, സംഘടനാ വീഴ്ച, പാർട്ടി കോട്ടകളിലെ വോട്ട് ചോർച്ച, പയ്യന്നൂരിലെയും തളിപ്പറമ്പിലെയും വൻ തോൽവി, വെള്ളാപ്പള്ളിയോടുള്ള പിണറായിയുടെ സമീപനം അടക്കം സകല വിഷയങ്ങളും ചർച്ചയ്ക്ക് വന്നിരുന്നു. വിമർശനങ്ങൾ ഉണ്ടായെങ്കിലും നേതൃത്വം മറുപടി പറഞ്ഞില്ല. ബ്രാഞ്ച് മുതൽ സംസ്ഥാന കമ്മിറ്റി വരെ തോൽവി പരിശോധിക്കാനാണ് സിപിഎം തീരുമാനം. അതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ജില്ലാ നേതൃയോഗങ്ങൾ ഇന്നുമുതൽ ആരംഭിച്ചു. എല്ലാ ഘടകങ്ങളും തോൽവി വിശദമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.


