പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി പാലക്കാട് അഡിഷണൽ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ ജൂലൈ 13നാണ് പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തുടർന്ന് ശിക്ഷാവിധിയിലുള്ള ഇരുഭാഗത്തിന്റെയും വാദപ്രതിവാദങ്ങൾ പൂർത്തിയായ ശേഷമാണ് ഇന്ന് രാവിലെ 11 മണിയോടെ കോടതി വിധി പറയുക.
പ്രതിക്ക് വധശിക്ഷയുൾപ്പെടെയുള്ള പരമാവധി ശിക്ഷ തന്നെ നൽകണമെന്ന ശക്തമായ നിലപാടിലാണ് പ്രോസിക്യൂഷൻ. പ്രതിക്ക് യാതൊരുവിധ മാനസികാരോഗ്യ പ്രശ്നങ്ങളുമില്ലെന്ന് വ്യക്തമാക്കുന്ന ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ, ചെയ്ത കൃത്യത്തിൽ പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതിയുടെ പരിഗണനയിലുണ്ട്. പ്രതി ഒരു സ്ഥിരം കുറ്റവാളിയാണെന്നും ഇയാളിൽ മാനസാന്തരത്തിനോ പുനരധിവാസത്തിനോ സാധ്യതയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ആദ്യം സജിതയെ കൊലപ്പെടുത്തിയ ശേഷം ജയിലിൽ കഴിയവേയാണ് മറ്റു രണ്ട് കൊലപാതകങ്ങൾക്ക് കൂടി ഇയാൾ ആസൂത്രണം ചെയ്തതെന്ന ഗുരുതരമായ വിവരവും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാൽ, പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കുറ്റകൃത്യത്തിന് ശേഷം കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് പ്രതിയുടെ മാനസികാവസ്ഥ തെളിയിക്കുന്നതാണെന്ന് പ്രതിഭാഗം വാദിച്ചു. കൂടാതെ, കേസ് പൂർണമായും സാഹചര്യ തെളിവുകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇത്തരം കേസുകളിൽ സാധാരണയായി വധശിക്ഷ വിധിക്കാറില്ലെന്നുമുള്ള നിയമവശവും പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചു.
പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെങ്കിൽ ഇയാൾ ജയിൽ ചാടി പുറത്തുവന്ന് വീണ്ടും ആക്രമണം നടത്തുമോ എന്ന കടുത്ത ഭയത്തിലാണ് പ്രദേശവാസികൾ. പ്രതിക്ക് വധശിക്ഷ നൽകണമെന്നതാണ് ജനങ്ങളുടെ പൊതുബോധമെന്നും, ഇയാൾ പുറത്തിറങ്ങിയാൽ നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്നുമുള്ള കാര്യങ്ങൾ പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇരുഭാഗത്തിന്റെയും വാദങ്ങളും തെളിവുകളും പരിശോധിച്ച കോടതിയുടെ നിർണായക വിധി എന്തായിരിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.


