മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഭരണകക്ഷി എംഎൽഎയുടെ ആരോപണത്തിന് മറുപടി പറയാൻ മുഖ്യമന്ത്രിയ്ക്ക് തന്റേടമില്ല. അതുകൊണ്ടാണ് അതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാൻ അദ്ദേഹം ശ്രമിക്കുന്നത്. ഈ ആക്ഷേപങ്ങളെ മുഖ്യമന്ത്രിയ്ക്ക് വേണ്ടി സിപിഎം നേതൃത്വം തള്ളിക്കളഞ്ഞാലും അണികൾക്ക് അത് ഉൾക്കൊള്ളാൻ സാധിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുഖ്യമന്ത്രിക്കും, അദ്ദേഹത്തിന്റെ ഓഫീസിനും, ആഭ്യന്തരവകുപ്പിനും എതിരെ ഭരണകക്ഷി എംഎല്‍എയായ പി.വി.അന്‍വര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് ഉത്തരം പറയാൻ തന്റേടമില്ലാത്തതിനാലാണ് അത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നത്. പൊതുസമൂഹത്തിന് ബോധ്യമാകുന്ന രീതിയിൽ തനിക്കെതിരെയും ഓഫിസിനെതിരെയും ഉയർന്ന ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കുമുള്ള വിശദീകരണം നൽകുന്നതിന് പകരം ആക്ഷേപങ്ങളെ ന്യായീകരിക്കാനും ആരോപണങ്ങളുടെ ചോദ്യമുനയില്‍ നിന്നും സ്വയം തടിയൂരാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇപ്പോൾ ഉയർന്ന ആക്ഷേപങ്ങളെ മുഖ്യമന്ത്രിക്ക് വേണ്ടി സിപിഎം നേതൃത്വം തള്ളിക്കളഞ്ഞാലും അവരുടെ അണികള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല.
എല്ലാത്തരം മാഫിയകള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷണം ഒരുക്കുകയാണ്. തന്നെ മുഖ്യമന്ത്രിയാക്കിയ പ്രസ്ഥാനത്തോടും അതിന്റെ അണികളോടും യാതൊരു ആത്മാർത്ഥതയും ഇല്ലാത്തതിനാലാണ് ആ പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത് സ്വയം രക്ഷപ്പെടാൻ സിപിഎമ്മിന്റെ പരമോന്നത നേതാവായ പിണറായി ശ്രമിക്കുന്നത്. സ്വര്‍ണ്ണക്കടത്ത്, സ്വര്‍ണ്ണം പൊട്ടിക്കല്‍, തൃശ്ശൂർ പൂരം അലങ്കോലമാക്കിയത് തുടങ്ങി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമായിരുന്നു എന്ന് വരും നാളുകളിൽ തെളിയും.
സംസ്ഥാനത്ത് സിപിഎം-ആര്‍എസ്എസ് അന്തര്‍ധാരയുണ്ടെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനായിരുന്ന ഭരണപക്ഷ എംഎല്‍എ ശരിവെച്ചിരിക്കുകയാണ്. ഇത്രയും കാലങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അന്‍വര്‍ ഇക്കാര്യങ്ങള്‍ പരസ്യമായി തുറന്നു പറഞ്ഞത് . പ്രതിപക്ഷത്തെ നേതാക്കൾക്കെതിരെ പിവി അൻവർ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചപ്പോള്‍ ശക്തമായ നടപടിയെടുത്ത മുഖ്യമന്ത്രി തന്റെ ഓഫീസില്‍ നടക്കുന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എന്നതിന്റെ പേരിൽ അതേ അൻവറിനെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത് രാഷ്ട്രീയ പാപ്പരത്തവും ഇരട്ടത്താപ്പുമാണ്.
സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ആര്‍എസ്എസ് അന്തര്‍ധാരയുമായി മുന്നോട്ട് പോകുമ്പോള്‍ അവര്‍ വഞ്ചിച്ചത് ആ പ്രസ്ഥാനത്തിന് വേണ്ടി രാഷ്ട്രീയ ഇരകളാകേണ്ടി വന്ന രക്തസാക്ഷികളുടെ കുടുംബങ്ങളെയാണെന്ന് യഥാർത്ഥ സഖാക്കൾ ഇനിയെങ്കിലും മനസിലാക്കണം.