മുംബൈ: രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ച് കിടന്നുറങ്ങിയ ഒരു കുടുബത്തിലെ നാല് പേര് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. തണ്ണിമത്തന് കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയുണ്ടായെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നാലുപേരുടെയും മരണ കാരണം തണ്ണിമത്തനല്ല എന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങൾ പച്ച നിറത്തിലായതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇത് സാധാരണ ഭക്ഷ്യവിഷബാധയല്ല, മറിച്ച് ശക്തമായ ഏതെങ്കിലും വിഷം ഉള്ളിൽ ചെന്നതാണെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നു. മരിച്ച അബ്ദുള്ള ദൊകാഡിയയുടെ ശരീരത്തിൽ മോർഫിന്റെ സാന്നിധ്യം കണ്ടെത്തിയത് കേസിൽ വലിയ ദുരൂഹതയുണ്ടാക്കിയിട്ടുണ്ട്. ഇത് എങ്ങനെ ശരീരത്തിലെത്തി എന്നതും അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നൽകുന്ന വിവരമനുസരിച്ച്, മരണവും തണ്ണിമത്തനും തമ്മിൽ നേരിട്ടുള്ള ബന്ധം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വന്നതിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.


