ജോലി തിരക്കുകള്‍ക്കും ഡെഡ് ലൈനുകള്‍ക്കിടയിലും ഇടയില്‍പ്പെട്ട് സമ്മര്‍ദം താങ്ങാനാകുന്നില്ലേ? എങ്കില്‍ ഓഫീസില്‍ തന്നെ ദിവസവും ഒരു പിക്നിക് സംഘടിപ്പിച്ചാലോ? ഓഫീസില്‍ ‘1 മണിക്കൂര്‍ പിക്നിക്’ എന്ന വേറിട്ട രീതി നടപ്പിലാക്കിയ ഒരു ഇന്ത്യന്‍ സംരംഭക സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.
‘കെകെ ക്രിയേറ്റ്’ സ്ഥാപകയായ കാവ്യ കര്‍ണാടക് ആണ് തന്റെ ടീമിന്റെ മാനസിക ഉല്ലാസത്തിനായി ഇത്തരമൊരു രീതി ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണിക്ക് തന്റെ 40 അംഗങ്ങളുള്ള ടീം മുഴുവന്‍ ജോലി നിര്‍ത്തിവെച്ച് ഒന്നിച്ച് ഭക്ഷണം കഴിക്കുമെന്നും, ഇത് കമ്പനിയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഒരുമ വളര്‍ത്താന്‍ സഹായിക്കുന്നുവെന്നും അവര്‍ ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചു.
‘എല്ലാ ദിവസവും ഞങ്ങളുടെ ഓഫീസില്‍ 1 മണിക്കൂര്‍ പിക്നിക് ഉണ്ടാകും! അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന, ഡെഡ്ലൈനുകളുടെയും തിരക്കുകളുടെയും ഇടയിലുള്ള 40 പേരാണ് ഞങ്ങള്‍. എന്നാല്‍ ക്ലോക്കില്‍ 2 അടിക്കുമ്പോള്‍ എല്ലാം മാറുന്നു, എല്ലാവരും ഹാളില്‍ ഒത്തുചേരുന്നു.’ കാവ്യ കുറിച്ചു.


