കൊല്ലം: പണം മോഷ്ടിച്ചുവെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയോട് ക്രൂരത കാട്ടിയതായി പരാതി. പുനലൂരിലെ വെട്ടിത്തിട്ടയിലുള്ള ‘ലിവിങ് വാട്ടർ ചിൽഡ്രൻസ് ഹോമിൽ’ ആണ് സംഭവം നടന്നത്. സ്ഥാപനത്തിലെ കുക്കും വാർഡനും ചേർന്ന് 12 വയസ്സുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു കുട്ടിക്കെതിരെയുള്ള ഈ ക്രൂരത. കുട്ടി പണം എടുത്തിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും ഇവർ ഉപദ്രവം തുടരുകയായിരുന്നു. അവധിക്കാലത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പിതാവിനോട് കുട്ടി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പിതാവിന്റെ പരാതിയെത്തുടർന്ന് പുനലൂർ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ചിൽഡ്രൻസ് ഹോമിലെ വാർഡനെയും കുക്കിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.


