ന്യൂഡൽഹി: ഒരുമാസം നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ തമിഴ്നാട് ഇന്ന് ബൂത്തിലേക്ക്. 234 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായി നടക്കുന്ന പോളിങ്ങിൽ 5.73 കോടി വോട്ടർമാർ 4,023 സ്ഥാനാർഥികളുടെ വിധി നിർണയിക്കും. ഡിഎംകെ സഖ്യവും ബിജെപിയുമായി കൈകോർത്ത അണ്ണാ ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും നടൻ വിജയിയുടെ ടിവികെ നിർണായകമാകും. വോട്ടിന് പണം നൽകുന്ന സംഭവങ്ങൾ വ്യാപകമായതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കനത്ത ജാഗ്രതിയിലാണ്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ടിവികെ പ്രസിഡൻ്റ് വിജയ്, കേന്ദ്രമന്ത്രി എൽ.മുരുകൻ, സിനിമാതാരങ്ങളായ രജനികാന്ത്, കമൽഹാസൻ, അജിത്ത്, തൃഷ, സംഗീതജ്ഞൻ ഇളയരാജ തുടങ്ങിയവർ ചെന്നൈയിലും എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി സേലത്തും ബിജെപി നേതാവ് കെ.അണ്ണാമലൈ കോയമ്പത്തൂരിലും വോട്ട് രേഖപ്പെടുത്തും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 73.63 ശതമാനം ആയിരുന്നു പോളിങ്.ബംഗാളിൽ ഒന്നാംഘട്ട വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും. 16 ജില്ലകളിലെ 152 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മൂന്ന് കോടി അറുപത് ലക്ഷം വോട്ടർമാരാണ് വിധിയെഴുതുന്നത്. പ്രശ്നബാധിത മണ്ഡലങ്ങൾ തരംതിരിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബിജെപിക്ക് മേൽക്കോയ്മയുള്ള മേഖലകളിൽ പ്രധാനമന്ത്രി നയിച്ച പ്രചാരണം തുണയ്ക്കുമെന്നാണ് ബിജെപി പ്രതീക്ഷ. അതേസമയം ബംഗാൾ വികാരം ഉയർത്തി ആഴ്ചകളോളം മമത ബാനർജിയും അഭിഷേക് ബാനർജിയും നടത്തിയ റാലികൾ വോട്ടാകുമെന്നാണ് ടിഎംസി കരുതുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ വിന്യാസത്തിലാകും ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക.


