കൊച്ചിയില്‍ തമിഴ്നാട് സ്വദേശിനിയായ സ്ത്രീ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ മനുഷ്യക്കടത്തിന് കേസെടുത്തു. തമിഴ്നാട്ടില്‍ നിന്ന് ജോലിക്കെന്ന പേരില്‍ എത്തിച്ച് പൂട്ടിയിട്ടതിന് ഫ്ളാറ്റ് ഉടമയ്ക്കെതിരെയാണ് കേസെടുത്തത്.
അതേസമയം ഒളിവില്‍ പോയ ഫ്ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. അഡ്വാന്‍സ് ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നല്‍കാത്തതിന്റെ പേരിലാണ് ഇയാള്‍ കുമാരിയെ തടഞ്ഞുവച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഫ്ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിനി കുമാരിക്ക് ഗുരുതരമായി പരുക്കേറ്റത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കുമാരി മരിച്ചു. കേസില്‍ നിന്ന് പിന്മാറിയാല് പണം നല്‍കാമെന്ന് ഫ്ളാറ്റ് ഉടമയുടെ ബന്ധുക്കള്‍ വാഗ്ദാനം ചെയ്തതായി കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന് ആരോപിച്ചിരുന്നു.


