തിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍ വാസുവിനെ സര്‍ക്കാര്‍ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ എ പദ്മകുമാറിനു പകരക്കാരനായാണ് വാസുവിനെ നിയമിച്ചത്. സിപിഎം പ്രതിനിധിയായാണ് വാസുവിന്റെ നിയമനം. ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രിംകോടതിയുടെ നിര്‍ണായ ഉത്തരവ് വരാനിരിക്കെയാണ് പുതിയ നിയമനം.
അഡ്വ. കെ എസ് രവിയെ ദേവസ്വം ബോര്‍ഡ് അംഗമായും നിയമിച്ചു. സിപിഐയുടെ പ്രതിനിധിയാണ് അഡ്വ. രവി. ഇവരുടെ നിയമന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. രണ്ടുപേരും നാളെ ചുമതലയേല്‍ക്കും. ശബരിമല സ്ത്രീപ്രവേശനത്തില്‍ റിവ്യൂ ഹര്‍ജിയില്‍ സുപ്രിംകോടതിയുടെ വിധി എന്തുതന്നെയായാലും അതു നടപ്പാക്കേണ്ടി വരിക പുതിയ പ്രസിഡന്റ് നേതൃത്വം നല്കുന്ന ബോര്‍ഡിനാണ്. ഇതു മുന്‍കൂട്ടി കണ്ടാണ് മുന്‍ ദേവസ്വം കമ്മിഷണറായ എന്‍ വാസുവിനെ തന്നെ ബോര്‍ഡ് പ്രസിഡന്റായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയുണ്ടായപ്പോള്‍ എന്‍ വാസുവായിരുന്നു ദേവസ്വം കമ്മിഷണര്‍ സ്ഥാനത്തുണ്ടായിരുന്നത്. വിധി നടപ്പാക്കുകയെന്ന കാര്യത്തില്‍ ബോര്‍ഡ് ഭരണസമിതിയേക്കാള്‍ ഉറച്ച നിലപാടായിരുന്നു കമ്മിഷണറുടേത്. സര്‍ക്കാര്‍ പക്ഷത്ത് ഉറച്ചുനില്‍ക്കുന്ന എന്‍ വാസു, യുവതീപ്രവേശത്തിലടക്കം സര്‍ക്കാര്‍ നിലപാടുകളോടൊപ്പമായിരുന്നു, 2017 നവംബര്‍ 14നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എ പദ്മകുമാറും അംഗമായി കെ പി ശങ്കര്‍ദാസും ചുമതലയേറ്റത്. ഇവരുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.


