തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ എ.പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങുകയാണ് സിപിഎം. നടപടി ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി . പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദേശം. കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹം പാര്‍ട്ടി അംഗത്വം പുതുക്കിയത്.
സ്വർണക്കൊള്ള ആരോപണം തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു . നടപടി പരാമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റിയിൽ ആവശ്യമുയർന്നതോടെയാണ് തിരുത്തിന് തയ്യാറായത്. സംസ്ഥാന കമ്മിറ്റിയുടെ ആവശ്യത്തെ തുടർന്ന് സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്ത് വരുത്താനും തീരുമാനമായി.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയിട്ടില്ലെന്നുമാണ് പത്മകുമാര്‍ നേരത്തെ പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വിശദീകരണം നൽകിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ മുന്നിലെത്തിയ രേഖകളില്‍ ‘പിത്തള’ എന്നത് വെട്ടി ചെമ്പ് എന്ന് തിരുത്തിയത് മാത്രമാണ് തനിക്കെതിരെ എസ്ഐടിക്ക് കണ്ടെത്താനായതെന്ന് പത്മകുമാര്‍ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. യഥാര്‍ഥത്തില്‍ സ്വര്‍ണം പൂശിയത് ചെമ്പുപാളികളിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ബോര്‍ഡ് രേഖകളില്‍ സാങ്കേതികമായി നടത്തിയ തിരുത്തല്‍ മാത്രമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു.
പ്രത്യേക അന്വേഷണസംഘം തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും അതില്‍ പ്രതിചേര്‍ക്കുകയും ചെയ്താല്‍ മാത്രമേ നിയമപരമായ പ്രസക്തിയുള്ളൂവെന്നും തന്റെ ഭാഗത്ത് നിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലാത്തതിനാല്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കരുതെന്നും വിശദീകരണ മറുപടിയില്‍ ആവശ്യപ്പെട്ടിരുന്നു.


