മൂവാറ്റുപുഴ: സര്‍ക്കാരിന്റെ സന്മനസ്സും നാടിന്റെ കരംകോര്ക്കലും ഒന്നിച്ചപ്പോള്‍ മുളവൂര്‍ പനവള്ളിക്കുടി രാമനും സരോജിനിക്കും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. തങ്ങള്‍ക്കായി ഉയര്‍ന്ന പുതിയ ഭവനത്തിന്റെ താക്കോല്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ ആ ദമ്പതികളുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരിയുണ്ടായിരുന്നു.
പി.എം.എ.വൈ പദ്ധതിയിലൂടെ ലഭിച്ച തുക മാത്രം പോരാതെ വന്നപ്പോള്‍ പഞ്ചായത്ത് മെമ്പര്‍ കെ.എം. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ നാട്ടിലെ സുമനസ്സുകള്‍ ഒത്തുചേരുകയായിരുന്നു. ഈ കൂട്ടായ്മയുടെ ഭവന ഉദ്ഘാടനം നിര്‍വഹിച്ച തങ്ങള്‍, നാടിനും ജനപ്രതിനിധികള്‍ക്കും ഇതൊരു മികച്ച മാതൃകയാണെന്ന് കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്നവര്‍ക്കേ ജനമനസ്സുകളില്‍ എന്നും സ്ഥാനമുണ്ടാകൂ എന്ന് തങ്ങള്‍ ഓര്‍മിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അസീസ് അധ്യക്ഷയായ ചടങ്ങില്‍ കെ.എം. അബ്ദുല്‍ കരീം സ്വാഗതം ആശംസിച്ചു. അറേക്കാട് ഭഗവതി ക്ഷേത്രം തന്ത്രി ആനിക്കാട് ഇല്ലം സുജേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുലൈഖ മക്കാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിസ്മി സലാം, മിനി എല്‍ദോ, ജസീന അലി, നിഷാദ് എ എ, നിഷ നൗഫല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അലി, മുന്‍ മെമ്പര്‍മാരായ അബ്ദുല്‍ കരീം വട്ടക്കുടി, ഒ എം സുബൈര്‍, നേതാക്കളായ എം എം സീതി, വി എ മക്കാര്‍, കെ എം ഷക്കീര്‍, പി പി അഷ്റഫ്, കെ എം റഫീഖ്, സിദ്ധീഖ് സിംപിള്‍, ഷാമില്‍ സലീം, അലിയാര് വള്ളോംപടി, ഷാഹുല്‍ വട്ടക്കുടി, റിയാസ് കെ കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

