കൊച്ചി: ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനും ബോധവൽക്കരിക്കാനുമായി കേരള പോലീസ് ആവിഷ്കരിച്ച ‘കിഡ് ഗ്ലോവ്’ പദ്ധതിക്ക് എറണാകുളം റൂറലിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥികളായ ‘സൈബർ ക്യാപ്റ്റന്മാർക്ക്’ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ സൈബർ ബാഡ്ജുകൾ വിതരണം ചെയ്തു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സൈബർ ലോകത്തെ സുരക്ഷ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും ജാഗ്രത മാത്രമാണ് ഇതിനുള്ള പ്രതിവിധിയെന്നും എസ്.പി ചൂണ്ടിക്കാട്ടി.
അഡീഷണൽ എസ്.പി ടി.ബി. വിജയൻ, സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വിദഗ്ധർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. എ.എസ്.ഐമാരായ ബോബി കുര്യാക്കോസ്, ജിമ്മോൻ ജോർജ് എന്നിവർ നയിച്ച ക്ലാസുകളിൽ സൈബർ സുരക്ഷയുടെ വിവിധ വശങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ഇനിമുതൽ ഈ സൈബർ ക്യാപ്റ്റന്മാരായിരിക്കും സഹപാഠികൾക്കിടയിൽ ഡിജിറ്റൽ സുരക്ഷാ സന്ദേശങ്ങൾ എത്തിക്കുക.

