ദുബായ്: കേരളത്തില്‍ പി.എം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് മുസ്ലിം യൂത്ത് ലീഗ്. കേവലം സാമ്പത്തിക ഫണ്ടിനപ്പുറം കേന്ദ്ര അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് പദ്ധതിക്ക് പിന്നിലെങ്കില്‍ അത് അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ദുബായില്‍ വ്യക്തമാക്കി. പദ്ധതി സംസ്ഥാനത്ത് നടപ്പിലാകില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിക്കെതിരെ ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫും ശക്തമായി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ പി.എം ശ്രീ നടപ്പിലാക്കാന്‍ ഒരു സര്‍ക്കാരും വ്യാമോഹിക്കേണ്ടതില്ലെന്ന് എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ ഫറുഖുദ്ദീന് പിലാക്കല്‍ പ്രസ്താവിച്ചു.
അതേസമയം, പദ്ധതി നടപ്പാക്കുന്നതിനായി ഒപ്പുവെച്ച ധാരണാപത്രത്തിന്മേല്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചു. കത്ത് ലഭിച്ച കാര്യം വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് സ്ഥിരീകരിച്ചു. വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് യു.ഡി.എഫ് നേതൃത്വവും മുഖ്യമന്ത്രിയും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.

