നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ബാലചന്ദ്രകുമാറിന്റെ സുഹൃത്തായ വൈദികന്റെ മൊഴിയെടുത്തു. ആഴാകുളം ഐ.വി.ഡി സെമിനാരി നടത്തിപ്പുകാരനായ ഫാദര്‍ വിക്ടര്‍ എവരിസ്റ്റസ് ആലുവ പൊലീസ് ക്ലബില്‍ എത്തിയാണ് മൊഴി നല്‍കിയത്. ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു മൊഴിയെടുക്കല്‍.
ദിലീപുമായി എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയന്ന് വ്യക്തത വരുത്തകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ജാമ്യം ലഭിച്ചശേഷം ഫാദര്‍ വിക്ടര്‍ ദിലീപിനെ കണ്ടിരുന്നു. ഫാദര്‍ വിക്ടര്‍ മുഖേനയാണ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടതെന്നാണ് ദിലീപിന്റെ ആരോപണം.
അതേസമയം കേസില്‍ രഹസ്യരേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി. ‘എ’ ഡയറി രഹസ്യ രേഖയല്ല. ഇത് കോടതിയില്‍ ദിനം പ്രതി നടക്കുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതാണ്. അത് ബഞ്ച് ക്ലര്‍ക്കാണ് തയ്യാറാക്കുന്നത്. രേഖകള്‍ ചോര്‍ന്നതിന് ജീവനക്കാര്‍ക്കെതിരെ തെളിവ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കോടതിയിലെ ചില രഹസ്യരേഖകള്‍ ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഈ കേസാണ് ഇന്ന് വിചാരണ കോടതി പരിഗണിച്ചത്. ഇത് പരിഗണിക്കുമ്പോഴാണ് എന്ത് രേഖകള്‍ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടത്.


