തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും ബസുകൾ തടയുമെന്നുമാണ് പ്രഖ്യാപനം.
ഓൾ കേരള മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു. പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്തും നീതി കിട്ടുന്നില്ല. പുരുഷന്മാരും വോട്ട് ബാങ്ക് ആണ്. റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നത് കൊണ്ട് പ്രശ്നമില്ല. ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്നവർക്ക് പോലും എന്തിനാണ് സൗജന്യ യാത്രയെന്നും ചോദ്യം.
“സൗജന്യയാത്ര പുരുഷന്മാരുടേയും അവകാശമാണ്. സ്ത്രീവിരുദ്ധതയല്ല പറയുന്നത്. പിന്നാക്കം നില്ക്കുന്ന സ്ത്രീകള്‍ക്ക് കൊടുക്കൂ… റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നതില്‍ പ്രശ്നമില്ല. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജോലിക്കാരായ സ്ത്രീകള്‍ക്കു എന്തിന് സൗജന്യയാത്ര കൊടുക്കണം? ” അജിത് കുമാർ പറഞ്ഞു.
“എല്ലാ വിദ്യാര്‍ഥികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കൊടുക്കട്ടെ. സ്ത്രീകള്‍ക്ക് മാത്രമെന്തിന് സൗജന്യം. അവരാരാ? 15ാം തിയതി നമ്മള് പ്രതിഷേധിക്കും. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യും. ഒരാളും ടിക്കറ്റ് എടുക്കരുത്.”- അജിത് കുമാര്‍ പറയുന്നു.
ജൂൺ 15 മുതൽ പദ്ധതി ആരംഭിക്കും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. പ്രിയദർശിനി എന്ന പേരിലാകും പദ്ധതി അറിയപ്പെടുകയെന്നും ഓർഡിനറി ബസുകളിലാവും ആദ്യം നടപ്പാക്കുകയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ പരീക്ഷണ ഓട്ടം നടത്തി വിശദമായ പഠനത്തിന് ശേഷം മറ്റു ബസുകളിലെ സൗജന്യ യാത്രയില്‍ തീരുമാനമെടുക്കാനാണ് സർക്കാർ നീക്കം.


