പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍ കേസിൽ അറസ്റ്റിലായ പ്രതി ബിജെപി പ്രവര്ത്തകന് അല്ലെന്ന് നേതൃത്വം. പ്രചാരണം അടിസ്ഥാനരഹിതമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ് കുമാര്‍ പറഞ്ഞു. പ്രചാരണത്തിന് പിന്നില്‍ മറ്റു പാര്‍ട്ടികളോട് വിധേയത്വമുള്ള പൊലീസുകാരെന്നും അദ്ദേഹം വിമർശിച്ചു.
ബിജെപി പ്രാദേശിക നേതാവായ അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് ആണ് പിടിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരിയെയും കുടുംബത്തേയും ആക്രമിച്ച് 55 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കാസർഗോഡ് ഉപ്പളയിൽവെച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രതിയെ പിടികൂടിയത്.
ആക്രമണത്തിന് ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു. സംഘം വാടകയ്ക്കെടുത്ത മറ്റൊരു കാറും ചൊക്ലി ഭാഗത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഈ കേസ് അന്വേഷിച്ചുവരികയായിരുന്നു. സ്വർണം പൊട്ടിക്കൽ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് വിവരം.ജൂൺ രണ്ടിനായിരുന്നു സംഭവം.
പയ്യന്നൂർ എടാട്ട് വെച്ച് മഹാരാഷ്ട്ര സ്വദേശിയുടെ കാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഇന്നോവ കാറിലെത്തിയവരാണ് ആക്രമിച്ചത്.കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് ഇറക്കിവിട്ട് രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നു. തുടർന്ന് കാർ കുത്തിക്കീറി നശിപ്പിച്ച് പിലാത്തറയ്ക്ക് സമീപം ഉപേക്ഷിച്ചുവെന്നാണ് കേസ്.


