മൂവാറ്റുപുഴ: തൃക്കളത്തൂരില്‍ അടിക്കടി ഉണ്ടാകുന്ന മോഷണങ്ങള്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യം കണക്കാക്കി പോലീസ് അന്വേഷണം വേഗതയില്‍ നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ ഏബ്രഹാം അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തൃക്കളത്തൂര്‍ സൊസൈറ്റിപ്പടിയില്‍ കല്പന മന്ദിരത്തില്‍ വസന്തരാജിന്റെ വീട്ടില്‍ നിന്ന് 25 പവന് സ്വര്‍ണ്ണവും 25000 രൂപയും മോഷണം പോയി.
2021 ഒക്ടോബറില്‍ തൃക്കളത്തുര് കാവുംപടി ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ മോഷ്ടാക്കള്‍ കയറി. 2020 ല്‍ ഇതേ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നു. 2018 ജൂലൈ മാസം തൃക്കളത്തുര് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പളളിയില്‍ മോഷ്ടാക്കള്‍ എത്തി വാതിലുകള്‍ തകര്‍ത്തു. തൃക്കളത്തുര് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തി മോഷണം നടന്നതും സമീപ നാളിലാണ്.
ബൈക്കില്‍ എത്തി മാല കവരുന്ന സംഘവും സജീവമാണ്. ഇത്തരം പരാതികളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഇല്ല. സംഭവം ഉണ്ടായാല്‍ രാത്രി കാല പോലീസ് സേവനം നടക്കുന്നത് താല്‍ക്കാലികമായി മാത്രം നടക്കുകയാണ്.
വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ഭീഷണി ഉണ്ടാക്കുന്ന ഇത്തരം സംഘങ്ങളെ പിടികൂടുന്നതിന് അടിയന്തര പ്രാധാന്യം നല്കി അന്വേഷണം ത്വരിതപ്പെടുത്തണമെന്നും എല്‍ദോ ഏബ്രഹാം ആവശ്യപ്പെട്ടു.


