മാധ്യമപ്രവർത്തകൻ കെ. എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ബഷീർ സഞ്ചരിച്ചിരുന്ന വാഹന ഭാഗങ്ങളും, ഹെൽമെറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. കേസിലെ പന്ത്രണ്ടാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ സജീറാണ് തിരിച്ചറിഞ്ഞത്. അപകടം നടന്ന ശേഷമാണ് താൻ സംഭവസ്ഥലത്തെത്തിയതെന്നും അതിനാൽ വാഹനം ഓടിച്ചിരുന്നത് ആരാണെന്നോ അപകടം സംഭവിച്ചത് എങ്ങനെയെന്നോ കണ്ടിട്ടില്ലെന്നും സാക്ഷി കോടതിയെ അറിയിച്ചു.
കേസിൽ ഇതുവരെ വിസ്തരിച്ചത് 12 സാക്ഷികളെയാണ്. .അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് കോടതിയിൽ നിർണായക മൊഴി നൽകിയിരുന്നു.
തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതിയിലാണ് പത്താം സാക്ഷിയായ അനീഷ് രാജ് മൊഴി നൽകിയത്.പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ കിംസ് ആശുപത്രിയിൽ എത്തിച്ചതെന്നും ഡോ. അനീഷ് രാജിന്റെ മൊഴിയിൽ പറയുന്നു. കവടിയാറിലെ ക്വാർട്ടേഴ്സിൽ വെച്ചിരുന്ന രക്തം പുരണ്ട ടി-ഷർട്ടും ജീൻസും പിന്നീട് പൊലീസിന് എടുത്തുനൽകിയത് ശ്രീറാമിന്റെ ഐ.എ.എസ് അക്കാഡമിയിലെ സഹപാഠിയായിരുന്ന അമരീന്ദ്ര സിങ്ങാണ്. പതിനൊന്നാം സാക്ഷിയായ അമരീന്ദ്ര സിങ്ങും കോടതിയിൽ എത്തി മൊഴി നൽകി. പൊലീസിന് നൽകിയ അതേ വസ്ത്രങ്ങൾ തന്നെയാണോ ഇപ്പോൾ കോടതിയിൽ ഉള്ളത് എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് വ്യക്തമായി ഓർമയില്ല എന്നാണ് ഇരുസാക്ഷികളും മറുപടി നൽകിയത്. കേസിലെ പ്രതിയായ ശ്രീറാം വെങ്കട്ടരാമൻ ഐ എ എസിനെതിരെയുള്ള നിർണായകമൊഴിയാണ് രണ്ടും.കേസിന്റെ വിചാരണ തുടരുകയാണ്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവർത്തകനായ കെ. എം. ബഷീർ കൊല്ലപ്പെടുന്നത്.


