ഗൂഢാലോചന കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. നിലവിലുള്ള തെളിവുകള്‍ പര്യാപ്തമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണത്തിന് ദിലീപിന്റെ കസ്റ്റഡി ആവശ്യമെന്ന് കരുതുന്നില്ലെന്നും കോടതി പറഞ്ഞു. 2017 ല്‍ ഗൂഢാലോചന നടന്നതായി പറയുന്നു, എന്നാല്‍ ഇതുവരെ ഒന്നും സംഭവിച്ചില്ലലോ എന്നും കോടതി ചൂണ്ടിക്കാട്ടി.
കൂടാതെ കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നത് അതീവഗുരുതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിക്കുന്നു. പുതിയ കേസില്‍ എന്തെല്ലാം തെളിവുകളാണുള്ളതെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കുന്നു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
എന്നാല്‍ വധശ്രമ ഗൂഢാലോചന നടത്തിയതിന് ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന് വ്യകത്മാക്കി, വധശ്രമ ഗൂഢാലോചനയിലേക്ക് നയിക്കുന്ന പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ട് എന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഗൂഢാലോചന തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന് വ്യകത്മാക്കി. പ്രതികള്‍ എല്ലാ അര്‍ത്ഥത്തിലും ശക്തരാണ് എന്തും വളച്ചൊടിക്കാന്‍ പ്രാപ്തരെന്നും പ്രോസിക്യൂഷന്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസില്‍ കൂടുതല്‍ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താന്‍ ശ്രമം നടത്തി എന്നീ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി ദിലീപിനെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തുകയും ചെയ്തു.
ഇന്നലെ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നതാണ്. എന്നാല്‍ കൂടുതല്‍ സമയമെടുത്ത് വാദം കേള്‍ക്കേണ്ട കേസായതിനാല്‍ ഇതിന് പ്രത്യേക സിറ്റിംഗ് അനുവദിക്കുന്നതായി ജസ്റ്റിസ് ഗോപിനാഥ് വ്യക്തമാക്കുകയായിരുന്നു.


