ആലപ്പുഴയില്‍ എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 50 പേര് കസ്റ്റഡിയിലെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. ഇതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും എസ്ഡിപിഐ പ്രവര്‍ത്തകരും ഉണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും ഐജി അറിയിച്ചു.
ഇനി അക്രമം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കും. പൊലീസിന്റ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും കനത്ത ജാഗ്രതയാണ് പൊലീസ് പുലര്‍ത്തുന്നതെന്നും ഹര്‍ഷിത അറിയിച്ചു. ‘കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ക്രമസമാധാന ചുമതല നോക്കുന്നത് മറ്റൊരു സംഘം ആണ്’- ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി. ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ഐജി പറഞ്ഞു.
ഏത് ഉന്നത നേതാവായാലും കസ്റ്റഡിയില്‍ എടുക്കുമെന്നും അവര്‍ അറിയിച്ചു. ആറ് ആര്.എസ്.എസ് പ്രവര്‍ത്തകരും 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകരും കസ്റ്റഡിയില്‍ എടുത്തവരില്‍പെടും.
എസ്.ഡി.പി.ഐ നേതാവിന്റെ വധത്തില്‍ ഗൂഢാലോചനയില്‍ പങ്കാളികളായ രണ്ട് പേരെ നേരത്തേ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചിരുന്നു. ബി.ജെ.പി നേതാവിന്റെ വധത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരു ആംബുലന്‍സും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്മണി സ്വദേശി കൊച്ചുകുട്ടന് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ നേതാവ് ഷാനെ ആക്രമിക്കാന്‍ അക്രമിസംഘത്തിന് റെന്റ്് എ കാര്‍ വാഹനം ക്രമീകരിച്ചു നല്‍കിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നും പൊലീസ് പറയുന്നു. 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ രണ്ട് ദിവസം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്നലെ രാത്രിയാണ് എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിന് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവര്‍ത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികള്‍ രക്ഷപ്പെട്ടു.
വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രഞ്ജിത്തിന്റെ മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളക്കിണര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.


