കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ കേരളത്തിലെ ഡോക്ടർമാരും സമരത്തിലേക്ക്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. അതേസമയം അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്.
യുവ ഡോക്ടറുടെ കൊലപാതകത്തിന് കാരണക്കാരായ ഹോസ്പിറ്റലിലെ സീനിയർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക. 48 മണിക്കൂറിനുള്ളിൽ പ്രതികളെ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.കേസ് സിബിഐ ഏറ്റെടുത്തിരുന്നു. കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർ നേരിട്ടത് ക്രൂര പീഡനമെന്ന് പോസ്റ്റ്മോർട്ടം പുറത്തുവന്നിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ അടക്കം മാരകമായ മുറിവുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.