തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ജൂൺ 15 മുതൽ ആരംഭിക്കും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. പ്രിയദർശിനി എന്ന പേരിലാകും പദ്ധതി അറിയപ്പെടുകയെന്നും ഓർഡിനറി ബസുകളിലാവും ആദ്യം നടപ്പാക്കുകയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ പരീക്ഷണ ഓട്ടം നടത്തി വിശദമായ പഠനത്തിന് ശേഷം മറ്റു ബസുകളിലെ സൗജന്യ യാത്രയില്‍ തീരുമാനമെടുക്കാനാണ് സർക്കാർ നീക്കം.
പദ്ധതി നടപ്പിലാക്കുമ്പോൾ അതിൻ്റെ ഗുണം കൂടുതൽ ലഭിക്കുക ഏത് ജില്ലക്കാർക്ക് എന്ന കാര്യത്തിൽ നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. അതിനിടെയാണ്, ഓർഡിനറി ബസുകളുടെ ജില്ല തിരിച്ചുള്ള കെഎസ്ആർടിസിയുടെ തന്നെ കണക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഓർഡിനറി ബസ് സർവീസ് ഉള്ളത്. വടക്കൻ ജില്ലകളിൽ ഉള്ളത് വളരെ കുറച്ച് ബസുകൾ മാത്രമാണ്.


