ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലി മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടി. പ്രതികരണത്തില്‍ അമര്‍ഷമുണ്ടെങ്കിലും നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കില്ല. വിഷയത്തില്‍ പുതിയ നേതൃത്വത്തിന് പൂര്‍ണ പിന്തുണയാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ച ഡിസിസി അധ്യക്ഷ പട്ടികയിലുള്ള അതൃപ്തി ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ സ്വാഭാവികമാണ്. എന്നാല്‍ ഇതിനെതിരെയുള്ള പരാതികള്‍ നേരിട്ടറിയിക്കുന്നതിന് പകരം പരസ്യ പ്രസ്താവനകള്‍ നടത്തിയതിലാണ് ഹൈക്കമാന്‍ഡിന് അമര്‍ഷം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.
പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് നേതൃത്വം നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടപടികള്‍ ഉണ്ടാകില്ലെങ്കിലും അച്ചടക്കം ലംഘിക്കുന്ന മറ്റുള്ളവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്കി.
ആവശ്യമെങ്കില്‍ നേതാക്കളുമായി ഇനിയും സംസാരിക്കും. പ്രശ്നങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസിലെ പുതിയ നേതൃനിരയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ചര്‍ച്ചകള്‍ വേണ്ട വിധത്തില്‍ നടത്തിയില്ലെന്ന നേതാക്കളുടെ വാദവും നേതൃത്വം തള്ളുന്നു.


